കായംകുളം: ഡിവൈഎഫ്ഐ ബ്ലോക്ക്കമ്മിറ്റി ഭാരവാഹികൾ ഉൾപ്പടെ 19പേർ കൂട്ടത്തോടെ രാജിവച്ചത് നിഷേധിച്ച് സിപിഎം പ്രാദേശിക നേതൃത്വം രംഗത്ത്. ഇതിന്റെ പേരിൽ സിപിഎമ്മിൽ വിഭാഗീയതയും ചേരിതിരിവും എന്ന നിലയിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണന്നും സിപിഎം ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
കായംകുളം പോലീസ് സർക്കിൾ ഇൻസ്പെക്ടർ നടത്തിവരുന്ന പക്ഷപാതപരമായ നടപടികളിൽ പരക്കെ ആക്ഷേപം ഉയർന്നിട്ടുള്ളതാണെന്നു പാർട്ടി പറയുന്നു. ഡിവൈഎഫ്ഐ നേതാവ് താമസിക്കുന്ന വാടക വീട്ടിൽ ഭാര്യയും കുഞ്ഞും മാത്രമുള്ള സമയത്ത് കടന്നുചെല്ലുകയും കതകുകൾ ചവിട്ടിപ്പൊളിക്കുകയും അധിഷേപിക്കുകയും ചെയ്യുന്നത് പതിവാണ്.
കഴിഞ്ഞ ആഴ്ച അർധരാത്രിയിൽ വീട്ടിൽ കടന്നുചെന്ന് പെണ്‍കുട്ടിയെ തോക്കുചൂണ്ടി ഭീഷിണിപ്പെടുത്തുകയും പെണ്‍കുട്ടിയുടെ കൈയിൽ ഇരുന്ന മൊബൈൽ ഫോണ്‍ പിടിച്ചുവാങ്ങുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ഒരു വനിതാ പോലീസിനെ പോലും കൂട്ടാതെയാണ് പോലീസ് അതിക്രമം കാണിച്ചത്.
നഗരസഭാ ചെയർമാൻ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പിഴ ഈടാക്കിയ ദൃശ്യങ്ങൾ പോലീസ് വീഡിയോയിൽ പകർത്തി ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിൽ നൽകിയത് ബോധപൂർവം അധിക്ഷേപിക്കാനാണ്.
വിവിധ സംഭവങ്ങളിലായി സിഐയ്ക്കെതിരെ പരാതികൾ ഉയർന്നു വന്നിട്ടുള്ളതാണ്. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് ജില്ലയില മാതൃകാപരമായ പ്രവർത്തനം നടത്തുന്നതെന്നും എംഎൽഎ യും പാർട്ടിയും തമ്മിലോ ഡിവൈഎഫ്ഐ യുമായി ബന്ധപ്പട്ടോ യാതൊരു തർക്കവും നിലവിൽ ഇല്ലെന്നും പാർട്ടി ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ പ്രസ്താവനയിൽ പറഞ്ഞു.