ആലപ്പുഴ: കാലുവാരല്‍ കലയും ശാസ്ത്രവുമായി കൊണ്ടുനടക്കുന്ന ചിലര്‍ കായംകുളത്തുണ്ടെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്. പുറകില്‍ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലിയെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
2001ല്‍ കായംകുളത്ത് മത്സരിച്ചപ്പോൾ താന്‍ തോറ്റത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ സിപിഎം നേതാവ് കെ.കെ.ചെല്ലപ്പന് തനിക്കെതിരേ നിന്നതുകൊണ്ടാണെന്നും സുധാകരന് തുറന്നടിച്ചു.
കായംകുളത്ത് നടന്ന പി.എ.ഹാരിസ് അനുസ്മരണ സമ്മേളനത്തില്‍വച്ചാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. കായംകുളത്ത് മത്സരിച്ചപ്പോള്‍ തനിക്ക് വോട്ടുലഭിക്കാതിരിക്കാന് ഒരു വിഭാഗം, പാര്‍ട്ടി പ്രവര്‍ത്തകരുടെ തന്നെ വീടുകളില്‍ കല്ലെറിഞ്ഞു.
തന്നോടുള്ള എതിര്‍പ്പുകൊണ്ടല്ല പാര്ട്ടിക്കാര് കല്ലെറിഞ്ഞതുകൊണ്ടാണ് വോട്ടു ചെയ്യാതിരുന്നതെന്ന് ഇവര്‍ പിന്നീട് തന്നോട് പറഞ്ഞു.
വോട്ടു മറിച്ചുകൊടുത്തതുകൊണ്ടാണ് താന്‍ തോറ്റത്. തനിക്ക് പര്യടനം നടത്താന്‍ വാഹനം പോലും വിട്ടുകിട്ടാത്ത അവസ്ഥയുണ്ടായെന്നും സുധാകരന് പറഞ്ഞു.