കായംകുളം: പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ കായംകുളം ഗവണ്മെൻറ് റസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ മുൻഭാഗം പൊളിച്ചുമാറ്റുകയും, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പേരിലുണ്ടായിരുന്ന ശിലാഫലകം പൊളിച്ചുമാറ്റുകയും ചെയ്ത സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം കായംകുളം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരു വർഷം മുന്പ് രണ്ടുകോടിയോളം രൂപ ചെലവഴിച്ച് നവീകരിച്ചതാണ് ഗവണ്മെൻറ് റസ്റ്റ് ഹൗസ്. ജി. സുധാകരൻ കായംകുളം എംഎൽഎ ആയിരിക്കുന്പോൾ നിർമിച്ച രണ്ടാം നിലയുടെ ഭാഗങ്ങളും പൊളിച്ചുനീക്കി.ഈ പുതിയ നിർമാണ പ്രവർത്തനങ്ങൾ സർക്കാരോ, മന്ത്രിയോ അറിഞ്ഞിട്ടില്ല. ജീവനക്കാരുടെ ഓഫീസ് മുറിയും പുതുക്കി പണിത ഭക്ഷണശാല അടക്കം പൊളിച്ചുമാറ്റുകയാണ് ഉണ്ടായിട്ടുള്ളത്.
ഇതിന്റെയെല്ലാം ഫലമായി ഗസ്റ്റ് ഹൗസ് താമസ യോഗ്യമല്ലാതെയായി. ഇതുവഴി സർക്കാരിന് വരുമാന നഷ്ടവും ഉണ്ടാക്കിയിരിക്കുകയാണന്ന് സിപിഎം ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊതുജനമധ്യത്തിൽ എൽഡിഎഫ് സർക്കാരിനെയും വകുപ്പ് മന്ത്രിയേയും മോശപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ പ്രവൃത്തികൾ ചെയ്തിട്ടുള്ളത്.
സർക്കാരിനോടോ, പൊതുമരാമത്ത് വകുപ്പിനോടോ മന്ത്രിയോടോ പോലും ആലോചിക്കാതെ നടത്തിയ നിർമാണ പ്രവർത്തനങ്ങൾക്ക് പിന്നിൽ വൻ അഴിമതിയാണന്ന് സംശയിക്കുന്നു.ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുകയും കായംകുളം ഗവണ്മെന്റ് റസ്റ്റ് ഹൗസിന്റ പ്രവർത്തനം ഉടൻ പുനഃസ്ഥാപിക്കണമെന്നും സിപിഎം ഏരിയാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി പി. അരവിന്ദാക്ഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.