കായംകുളം: താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോ മാവേലി മെഡിക്കൽ സ്റ്റോർ കെട്ടിടം കാലപ്പഴക്കത്താൽ ഏത് നിമിഷവും തകർന്ന് വീഴുമെന്ന നിലയിൽ. ഏത് നിമിഷവും നിലം പതിക്കാവുന്ന കെട്ടിടത്തിൽ നിന്നും ആശുപത്രി കോന്പൗണ്ടിലെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാവേലി മെഡിക്കൽ സ്റ്റോർ താത്കാലികമായി മാറ്റി സ്ഥാപിക്കണമെന്നും നിലവിലുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുകയോ നവീന കെട്ടിടം നിർമിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.
ഇതിനിടയിൽ മാവേലി മെഡിക്കൽ സ്റ്റോറിന്റെ ശോച്യാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണം എന്നാവശ്യപ്പെട്ട് സോഷ്യൽ ഫോറം പ്രസിഡന്റ് ഒ.ഹാരിസ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി മുന്പാകെ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട്, കായംകുളം നഗരസഭ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തത്.
കെട്ടിടത്തിന്റെ കോണ്ക്രീറ്റ് മേൽക്കൂര അടർന്ന് വീഴുകയും ഇഷ്ട്ടികയും കന്പിയും തെളിഞ്ഞു നിൽക്കുകയുമാണ്. മഴക്കാലത്ത് മേൽക്കൂര ചോർന്നൊലിച്ചു ഭിത്തിക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ജീർണാവസ്ഥയിലായ കെട്ടിടത്തിൽ നിന്നും മാവേലി മെഡിക്കൽ സ്റ്റോർ മാറ്റുമെന്ന് നഗരസഭ നിരവധി തവണ പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
രണ്ട് വർഷം മുന്പ് ഭക്ഷ്യമന്ത്രി പി.തിലോത്തമൻശോച്യാവസ്ഥയിലായ മാവേലി മെഡിക്കൽ സ്റ്റോർ സന്ദർശിക്കുകയും തകർച്ചയിലായ കെട്ടിടം പുതുക്കി പണിയാനും താത്കാലികമായി മെഡിക്കൽ സ്റ്റോർ പ്രവർത്തിപ്പിക്കാൻ മറ്റൊരു കെട്ടിടം നൽകണമെന്നും ആശുപത്രി സൂപ്രണ്ട്, നഗരസഭ എന്നിവരോട് ആവശ്യപ്പെട്ടിരിന്നെങ്കിലും നടപടി ഉണ്ടായില്ല.