കായംകുളം: നഗരസഭയുടെ അലംഭാവം കാരണം കായംകുളം ഗവണ്മെന്റ് ഐടിഐക്ക് പതിനഞ്ചു വർഷമായിട്ടും സ്വന്തമായി കെട്ടിടമോ സ്ഥലമോയില്ല. ഇതുമൂലം ഐടിഐ അടച്ചുപൂട്ടൽ ഭീഷണയിൽ. സ്വന്തമായി സ്ഥലവും കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ അടുത്ത അധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ സ്വീകരിക്കേണ്ടതില്ലെന്ന് ഡയറക്ടർ നിർദേശം നൽകിയിരിക്കുകയാണ്.
ഇതിനു മുമ്പ് നിരവധിതവണ ഡയറക്ടർ നിർദേശം നൽകിയെങ്കിലും ജനപ്രതിനിധികളുടെ ഇടപെടലിനെത്തുടർന്ന് വീണ്ടും ഐടിഐക്ക് പ്രവർത്തനാനുമതി നൽകുകയായിരുന്നു. ഉടൻ സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കുമെന്ന ഉറപ്പിലാണ് അന്ന് ഡയറക്ടർ അനുമതി നൽകിയത്. എന്നാൽ, ഉറപ്പ് പാലിച്ചില്ലെന്ന് മാത്രമല്ല യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ് ഇപ്പോൾ ഐടിഐ പ്രവർത്തിച്ചുവരുന്നത്.
2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഐടിഐ ഇപ്പോഴും നഗരസഭാവക ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരസ്ഥാപനങ്ങള്ക്കിടയിലെ കടമുറികളില്‍ അടിസ്ഥാന സൗകര്യമില്ലാതെ പ്രവർത്തിക്കുകയാണ്. ഇതുമൂലം വിദ്യാർഥികളും ദുരിതത്തിലാണ്.ഐടിഐക്കും സ്റ്റേഡിയത്തിനുമായി കെപി റോഡിനു സമീപത്തെ വെട്ടത്തേത്ത് വയൽ ഏറ്റെടുക്കാൻ നഗരസഭാ ഭരണസമിതി മൂന്നു കോടി രൂപ ജില്ലാ ഭരണകൂടത്തിന് അടച്ചിട്ടുണ്ടെന്ന് ഓരോ ബജറ്റിലും പറയാറുണ്ടെങ്കിലും നടപടി നീളുകയാണ്.
2011 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കായംകുളത്ത് ഗവണ്മെന്റ് ഐടിഐ അനുവദിച്ചത്. ഐടിഐ അനുവദിച്ചപ്പോൾ സ്ഥലം എത്രയുംവേഗം ഏറ്റെടുത്തു നല്‍കുമെന്ന് അന്നത്തെ നഗരസഭാ സെക്രട്ടറി കരാര്‍ ഒപ്പിട്ടു സര്‍ക്കാരിന് നൽകുകയും ചെയ്തിരുന്നു.ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക സംവിധാനത്തില്‍ നഗരസഭാ ഷോപ്പിംഗ് കോപ്ലക്സിൽ ഐടിഐ പ്രവര്‍ത്തനം തുടങ്ങിയത്. ഡ്രാഫ്ട്സ്മാന് സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആന്‍ഡ് പ്രോഗ്രാമിംഗ് എന്നീ കോഴ്സുകളാണ് ഇവിടെയുള്ളത്.
സ്ഥല പരിമിതികാരണം ക്ലാസ് മുറികളില്‍ തന്നെയാണ് ലബോറട്ടറിയും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി നഗരസഭാ ബജറ്റിലും പദ്ധതി വിഹിതത്തിലും പണം ഉള്‍ക്കൊള്ളിക്കുകയും ഒടുവിൽ പണം ജില്ലാ ഭരണകൂടത്തിന് അടയ്ക്കുകയും ചെയ്തിട്ടും സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമിക്കാൻ ഇതുവരെ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയാണ്.