കായംകുളം കൊച്ചുണ്ണിയുടെ കഥ പുറത്തായോ? ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വെച്ച് മോഹന്‍ലാലും റോഷന് ആന്‍ഡ്രൂസും തമ്മിലുള്ള സംഭാഷണം വാട്സാപ്പിലൂടെ ലീക്കായിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കായംകുളം കൊച്ചുണ്ണിയുടെ പേരില്‍ അമ്പലമുള്ള കാര്യമാണ് റോഷന് ആന്‍ഡ്രൂസ് മോഹന്‍ലാലിനോട് വിശദീകരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി അടുത്തുള്ള ഏടപ്പാറ മലദേവര്‍ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് കൊച്ചുണ്ണിയാണ്. ഇക്കാര്യം മോഹന്‍ലാല്‍ പറയുന്നതാണ് ലീക്ക് ചെയ്ത ഓഡിയോയിലുള്ളത്. ഇതേ അമ്പലത്തില്‍ നിന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതെന്നും റോഷന് പറയുന്നുണ്ട്.
മോഹന്‍ലാല്‍ പറയുന്നത്- പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി ഗ്രാമത്തില്‍ ഏടപ്പാറ മലദേവര്‍ നട ക്ഷേത്രത്തില്‍ ഈ മുസല്മാന് ഇന്നും കുടികൊള്ളുന്നു. പാവപ്പെട്ടവന്റെ കണ്ണീര് ഒപ്പുന്ന, ജാതിക്കും മതത്തിനും അതീതമായി ദൈവസങ്കല്‍പ്പമായി കായംകുളം കൊച്ചുണ്ണി. ചിത്രം ഒക്ടോബര്‍ 11ന് തിയേറ്ററുകളിലെത്താന്‍ ഒരുങ്ങവെയാണ് ഇത് പുറത്തു വന്നിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. കായംകുളം കൊച്ചുണ്ണിയുടെ ആത്മമിത്രമായ ഇത്തിക്കരപക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.
45 കോടിയാണ് കായംകുളം കൊച്ചുണ്ണിയുടെ മുതല്‍മുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്ടിസ്റ്റുകള് ചിത്രത്തില്‍ അഭിനയിച്ചുണ്ട്. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ. ചിത്രത്തിന്റെ പ്രിവ്യു ഷോ മികച്ച പ്രതികരണമാണ് നേടിയത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.