കായംകുളം കൊച്ചുണ്ണിയായി അഭിനയിക്കാമോ എന്നു ചോദിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ഫോണ്കോൾ വരുന്പോൾ നിവിൻപോളിക്ക് അന്പരപ്പും ടെൻഷനുമായിരുന്നു. വന്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നു കൂടി അറിഞ്ഞപ്പോൾ അതു വർധിച്ചു. എന്നാൽ റോഷൻ ആൻഡ്രൂസിലുള്ള വിശ്വാസമാണ് തന്നെ ഈ പ്രോജക്ടിലേയ്ക്ക് നയിച്ചതെന്ന് നിവിൻ പറയുന്നു. കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങളുമായ് നിവിൻ…
നിവിന്റെ കരിയറിൽ ആദ്യമായാണല്ലോ ഇത്രയുമൊരു ബിഗ്ബജറ്റ് സിനിമയിൽ അഭിനയിക്കുന്നത്. നിങ്ങളുടേതായ ഒരു ടീമിന്റെ കൂടെ മാത്രമാണ് കൂടുതൽ സിനിമകളും ചെയ്തിട്ടുള്ളത്. കായംകുളം കൊച്ചുണ്ണി ആ ഷെല്ലിൽ നിന്നുള്ള പുറത്തു കടക്കലല്ലേ?
റോഷൻ ചേട്ടൻ വിളിച്ച് ഇങ്ങനെയൊരു സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. എഴുതി കഴിഞ്ഞിട്ട് കൂടുതൽ കാര്യങ്ങൾ സംസാരിക്കാമെന്നും പറഞ്ഞു. എഴുതി കഴിഞ്ഞപ്പോഴാണ് ഇതിന്റെ ബഡ്ജറ്റ് ഉദ്ദേശിക്കുന്നതിലും വളരെ കൂടുതലാകുമെന്ന് മനസിലായത്. അങ്ങനെയാണ് ഗോകുലം ഗോപാലൻസാറിനെ സമീപിക്കുന്നത്. അദ്ദേഹം നിർമിക്കാമെന്ന് ഏറ്റതോടെയാണ് ഈ പ്രൊജക്ടിന് ഒരു രൂപമായത്.
പിന്നീട് ഒരു വർഷത്തോളം ഇതു സംബന്ധിച്ചുള്ള റിസേർച്ചും പ്രീപ്രൊഡക്ഷൻ വർക്കുകളുമായിരുന്നു. തുടർന്ന് ഒരു പ്രോപ്പർ ക്രിയേറ്റീവ് മീറ്റിംഗ് നടന്നു. എല്ലാ ടെക്നിക്കൽ ഹെഡ്സും ഡിപ്പാർട്ട്മെന്റ് ഹെഡ്സും ഒരുമിച്ചിരുന്ന് ഓരോ സീൻ ബൈ സീനിലും കോസ്റ്റ്യൂമും ലൈറ്റും ആർട്ടും എല്ലാം എങ്ങനെ വേണമെന്ന് ചർച്ച ചെയ്തതിനുശേഷമാണ് ഷൂട്ടിംഗ് തുടങ്ങാൻ തീരുമാനിച്ചത്.
ഇതിലെല്ലാം ഞാനും പങ്കെടുത്തു. ഇതിനുമുന്പ് ഞാൻ ഇത്തരം മീറ്റിംഗുകളിൽ പങ്കെടുത്തിട്ടില്ല. ക്രിയേറ്റീവ് മീറ്റിംഗുകളുടെ ഒരു പ്രാധാന്യം എത്രത്തോളമാണെന്ന് ഇതിലൂടെ മനസിലായി. ബജറ്റ് കുറയ്ക്കാനും ഓരോ കാര്യത്തിലും വ്യക്തമായ ധാരണ വരുത്താനും ഇത്തരം മീറ്റിംഗുകളിലൂടെ കഴിയും.
കായംകുളം കൊച്ചുണ്ണി പോലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ വിളിച്ചപ്പോൾ സ്വാഭാവികമായും ടെൻഷൻ തോന്നിയിരുന്നോ? അതിനുവേണ്ടിയുള്ള തയാറെടുപ്പകൾ എങ്ങനെയായിരുന്നു?
ടെൻഷനുണ്ടായിരുന്നു. ഇത്രയും വലിയ ബജറ്റിലുള്ള പടം എന്റെ കരിയറിൽ ചെയ്തിട്ടില്ല. ഇത് എങ്ങനെയാവും എന്ന തോന്നൽ ആദ്യം മനസിലുണ്ടായിരുന്നു. പിന്നെ കായംകുളം കൊച്ചുണ്ണി എല്ലാവരുടേയും മനസിലുള്ള കഥാപാത്രമാണ്. കൊച്ചുകുട്ടികളുടെ വരെ ഹീറോയാണ്. എനിക്ക് റോഷൻ ആൻഡ്രൂസിൽ വലിയ വിശ്വാസമാണ്. അദ്ദേഹത്തിന്റെ കരിയറിലേയും ഏറ്റവും വലിയ സിനിമയാണിത്. ഏറ്റവും പെർഫക്ഷനോടു കൂടി സിനിമ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ആ ഒരു വിശ്വാസമാണ് എന്നെ മുന്നോട്ടു നയിച്ചത്.
ഷൂട്ടിംഗിന്റെ അനുഭവങ്ങൾ എങ്ങനെയായിരുന്നു?
വീട്ടിൽ നിന്ന് ഒരുപാട് നാൾ മാറി നിന്നു. ഏകദേശം ഒൻപത് മാസമായിരുന്നു ഇതിന്റെ ഷൂട്ടിംഗ്. പല പല ലൊക്കേഷനുകൾ. ഓരോ ലൊക്കേഷനിലേയും ഏറ്റവും ചൂടുള്ള സമയത്തായിരുന്നു നമ്മുടെ ഷൂട്ടിംഗ്. പകുതിയോളം ഷൂട്ടിംഗിൽ ചെരിപ്പില്ലാതെയാണ് അഭിനയിക്കുന്നത്. കൂടുതൽ ഒൗട്ട്ഡോർ ഷൂട്ടായിരുന്നു.
ചെരിപ്പില്ലാതെ ചൂടു മണ്ണിൽ നിൽക്കുന്പോൾ കാലൊക്കെ നന്നായി പൊള്ളുമായിരുന്നു. ഒരുപാട് മൃഗങ്ങൾ ഈ സിനിമയിലുണ്ട്. കുതിരകളും കാളകളും പോത്തുകളും പക്ഷികളും അടങ്ങിയ വലിയൊരു സംഘം. ഈ പക്ഷിമൃഗാദികളെ കാണാൻ ഷൂട്ടിംഗ് സ്ഥലത്ത് ആളുകളുടെ തള്ളിക്കയറ്റമായിരുന്നു.
കർണാടകയിലാണ് കൂടുതലും ഷൂട്ട് ചെയ്തിരിക്കുന്നത്. ലൊക്കേഷൻ ഹണ്ടിനിടെ റോഷനേട്ടൻ എനിക്ക് ഫോട്ടോകൾ അയച്ചു തരും. ഈ കാട്ടിലാണ് നമ്മൾ ഷൂട്ട് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞ്. അപ്പോൾ ഞാൻ ചോദിക്കും. ഇവിടെ എവിടെയെങ്കിലുമൊക്കെയുള്ള കാടു പോരേ എന്ന്. ആൾക്കാർ കാണാത്ത ലൊക്കേഷനുകളും കാടുകളും വേണമെന്നും അല്ലെങ്കിൽ പുതുമ തോന്നില്ലെന്നും അദ്ദേഹം പറയും. അങ്ങനെയാണ് കർണാടകയും ഗോവയും ശ്രീലങ്കയുമൊക്കെ ലൊക്കേഷനായത്.
മോഹൻലാലുമൊത്തുള്ള എക്സ്പീരിയൻസ് എങ്ങനെയായിരുന്നു?
12 ദിവസം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. കൂടുതലും കോന്പിനേഷൻ സീനുകൾ. അതൊരു വലിയ എക്സ്പീരിയൻസ് തന്നെയായിരുന്നു. നമ്മൾ മനസിൽ വിചാരിക്കാത്ത സമയത്താണ് ലാലേട്ടൻ ഈ സിനിമ ചെയ്യാമെന്നു സമ്മതിച്ചത്. ലാലേട്ടന്റെയും മമ്മൂട്ടിയുടേയുമൊക്കെ കൂടെ സിനിമ ചെയ്യാൻ കൊതിച്ചിരിക്കുന്പോഴാണ് ഇതു പെട്ടെന്ന് സംഭവിച്ചത്.
ഇത്തിക്കരപ്പക്കി എന്ന കഥാപാത്രം ലാലേട്ടൻ ചെയ്യണമെന്നാണ് എല്ലാവരും ആഗ്രഹിച്ചത്. പക്ഷേ എങ്ങനെ അപ്രോച്ച് ചെയ്യണമെന്ന് അറിയില്ലായിരുന്നു. നായകനല്ലാത്ത ഒരു കാരക്ടർ അദ്ദേഹം ഏറ്റെടുക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ കഥ കേട്ടപ്പോൾ തന്നെ അദ്ദേഹം സമ്മതിച്ചു. റോഷൻ ചേട്ടനിൽ അദ്ദേഹത്തിന് വിശ്വാസമാണ്. എന്താണോ സ്ക്രിപ്റ്റിൽ എഴുതിയത് അതിന്റെ പതിന്മടങ്ങാണ് അദ്ദേഹം പെർഫോം ചെയ്തത്. ഒരോ സീനും ടേക്ക് വണ് ടേക്ക് ടു ടേക്ക് ത്രീ ഒക്കെ പോകുന്പോൾ ഓരോ പ്രാവശ്യവും ഓരോ രീതിയിലാണ് അദ്ദേഹം ചെയ്യുന്നത്.
അപ്പോൾ ഞാനോലിച്ചു. ദൈവമേ നമുക്കൊക്കെ ഒരു രീതിയിൽ മാത്രമേ എത്ര ടേക്ക് എടുത്താലും ചെയ്യാൻ പറ്റൂ. ഇതു പല രീതികളും പല ടൈമിംഗും. സെറ്റിൽ അൽപ സമയം പോലും വെറുതെ ഇരിക്കില്ല. എത്ര ചൂടാണെങ്കിലും പൊടിയാണെങ്കിലും മാക്സിമം ജോലി തീർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നല്ല ടിപ്സൊക്കെ പറഞ്ഞു തന്നു. നിന്റെ മുഖത്ത് കാമറ വരുന്പോൾ അതു മാക്സിമം യൂട്ടിലൈസ് ചെയ്യണമെന്നൊക്കെ പറഞ്ഞു തന്നു.
ഫൈറ്റ് സീനുകൾ ഈ സിനിമയുടെ പ്രത്യേകതയാണല്ലോ. ശരിക്കും സ്ട്രെയിൻ അനുഭവിച്ചുവല്ലേ?
ഞാൻ അഭിനയിച്ച സിനിമകളിൽ ഏറ്റവും കൂടുതൽ ഫൈറ്റുള്ള സിനിമയാണ്. ചെറുതും വലുതുമായ ഒന്പതോളം ഫൈറ്റുകൾ പടത്തിലുണ്ട്. അത് ഓരോന്നും വ്യത്യസ്തമായിരിക്കണമെന്ന് റോഷൻ ചേട്ടന് നിർബന്ധമായിരുന്നു. അതെല്ലാം നമ്മൾ പഠിക്കേണ്ടി വന്നു. ജർമനിയിൽ നിന്നും സൗത്ത് ആഫ്രിക്കയിൽ നിന്നുമൊക്കെയുള്ളവരാണ് ഫൈറ്റുകൾ പഠിപ്പിച്ചത്.
കരിയറിലെ ഒരു ഗ്യാപ്പിനു കാരണവും ഈ സിനിമയായിരിക്കുമല്ലോ?
ഒൻപത് മാസത്തോളം ഈ ചിത്രത്തിനു നീക്കിവച്ചതുകൊണ്ടു തന്നെയാണ് ഗ്യാപ് വന്നത്. ഇതിനിടയിൽ മറ്റൊരു സിനിമയും ചെയ്യാൻ സാധിക്കില്ലായിരുന്നു.
കൊച്ചുണ്ണിക്കുശേഷം മൂന്നു സിനിമകൾക്ക് ഡേറ്റു നൽകി കഴിഞ്ഞല്ലോ. അതിന്റെ വിശേഷങ്ങൾ?
ഇപ്പോൾ ചെയ്യുന്നത് ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രമാണ്. ഒരു പക്കാ എന്റർടൈനറാണ് ചിത്രം. ഹ്യൂമറിന് നല്ല പ്രധാന്യമുള്ള സിനിമയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്നതാണ് മറ്റൊരു ചിത്രം. ഒരു ഫാമിലി ത്രില്ലറായിരിക്കും ഈ സിനിമ. പിന്നെയുള്ളത് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം. അത് എല്ലാ രീതിയിലും ഒരു വൈശാഖ് ചിത്രം തന്നെയാണ്. മൂന്നു ചിത്രങ്ങളും ഒരു കൊമേഴ്സ്യൽ പശ്ചാത്തലത്തിലുള്ള എന്നാൽ വ്യത്യസ്തമായ പ്രമേയങ്ങളുള്ള ചിത്രങ്ങളാണ്.
ബിജോ ജോ തോമസ്