സിനിമയുടെ മായിക ലോകത്ത് എന്നും കായംകുളത്തുകാരൻ കൊച്ചുണ്ണിക്കുള്ള സ്ഥാനം ഒരുപടി മുകളിൽ തന്നെയാണ്. ആ സ്ഥാന തിളക്കത്തിന് കോട്ടം തട്ടാത്തവിധം കൊച്ചുണ്ണിയെ ഗംഭീരമാക്കാൻ നിവിൻ പോളിക്ക് സാധിച്ചിട്ടുണ്ട്. ബോക്സ് ഓഫീസിൽ റോഷൻ ആൻഡ്രൂസിന്റെ കൊച്ചുണ്ണി പണക്കിലുക്കവുമായി പറന്നുയരുമെന്ന് ഉറപ്പാണ്.
കൊച്ചുണ്ണിയുടെ വീരശൂര കഥകൾ മനസിലിട്ട് താലോലിക്കുന്ന കേരളക്കരയിലേക്കാണ് മറ്റൊരു കൊച്ചുണ്ണി കൂടി എത്തിയിരിക്കുന്നത്. ഓർമപ്പെടുത്തലുകൾ, കേട്ടുതഴന്പിച്ച കഥകൾ പിന്നെ കൊച്ചുണ്ണിയോടുള്ള ആരാധന ഈ മൂന്നു ഘടകങ്ങളാണ് മലയാളികളെ കായംകുളം കൊച്ചുണ്ണിയെന്ന സിനിമ കാണാൻ പ്രേരിപ്പിക്കുകയെന്ന് ഉറപ്പ്.
വീരാരാധന ഒട്ടും ചോരാതെയാണ് നിവിൻ കൊച്ചുണ്ണിയുടെ നിഷ്കളങ്കത ബിഗ് സ്ക്രീനിൽ പകർന്നാടിയിരിക്കുന്നത്. സിനിമ പുരോഗമിക്കും തോറുമാണ് നിഷ്കളങ്കതയ്ക്കുള്ളിൽ ഒളിപ്പിച്ച വീരനെ കൊച്ചുണ്ണി പുറത്തെടുക്കാൻ തുടങ്ങുന്നത്. കൊച്ചുണ്ണിയുടെ വീരകഥകൾ പറയുന്പോഴും സിനിമ രൗദ്രഭാവത്തിലേക്ക് പോകാതെ സംവിധായകൻ പൊതിഞ്ഞു പിടിക്കുകയായിരുന്നു.
ബാല്യവും കടന്ന് യൗവനത്തിലേക്ക് എത്തിയ കൊച്ചുണ്ണിയിൽ കള്ളനാകാതിരിക്കാനുള്ള വ്യഗ്രത വേണ്ടുവോളം ഉണ്ടായിരുന്നു. പിന്നീട് എങ്ങനെയാണ് കൊച്ചുണ്ണി കള്ളനായതെന്ന് സംവിധായകൻ കൃത്യമായി കാട്ടിത്തരുന്നുണ്ട്. അക്കാലത്ത് നിലനിന്നിരുന്നു നാടുവാഴികളുടെ ദുർനടപ്പെല്ലാം സ്ക്രീനിൽ കൃത്യമായി സംവിധായകൻ അടയാളപ്പെടുത്തിയിട്ടുണ്ട്.
സുധീർ കരമനയും ഇടവേള ബാബുവും സുനിൽ സുഖദയും ഉയർന്ന ജാതിക്കാരുടെ ജാള്യത്തരങ്ങൾ മനോഹരമായി പകർന്നാടി. ഒരു ഉഷാറ് കുറവുണ്ടല്ലോ എന്ന തോന്നൽ പ്രേക്ഷകന് തോന്നിത്തുടങ്ങുന്പോഴാണ് സ്ക്രീൻ വിഴുങ്ങിക്കൊണ്ട് “അവതാരം’ രംഗപ്രവേശനം ചെയ്യുന്നത്. പിന്നെ തീയറ്ററുകൾ പൂരപ്പറന്പാവുകയായിരുന്നു.
സാക്ഷാൽ ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തുന്നതോടെയാണ് കൊച്ചുണ്ണിക്ക് അധിക ഊർജം കൈവരുന്നത്. പക്കിയായി താരരാജവ് സ്ക്രീൻ കൈയടക്കിയാണ് ഒന്നാം പകുതി അവസാനിക്കുന്നത്. കൊച്ചുണ്ണിക്ക് ഉൗർജം പകർന്നുള്ള പക്കിയുടെ തേരോട്ടം കാണേണ്ടതു തന്നെയാണ്.
നിവിനും മോഹൻലാലും ഒന്നിച്ചുള്ള രംഗങ്ങൾക്ക് പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്ന പശ്ചാത്തല സംഗീതം കൂടി ഗോപി സുന്ദർ നൽകിയതോടെ ചിത്രം അതിവേഗം കുതിച്ചു തുടങ്ങു. കൊച്ചുണ്ണിയെ കായംകുളം കൊച്ചുണ്ണിയാക്കി മാറ്റി പക്കി പിൻവാങ്ങുന്നതോടെയാണ് നിവിൻ കൂടുതൽ ഊർജസ്വലനാകുന്നത്.
ഉയർന്ന ജാതിക്കാരുടെ പേടിസ്വപ്നമായി, പാവങ്ങളുടെ പടത്തലവനായി കൊച്ചുണ്ണി മാറുന്നതോടെ ചിത്രം ഗൗരവഭാവത്തിലേക്ക് എത്തും. ഇതിനിടയിലും ചിരി വഴിയൊരുക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ജൂഡ് ആന്റണി ബ്രാഹ്മണനായി എത്തി ഇത്തിരി നേരംകൊണ്ട് പ്രേക്ഷകരെ ആവോളം രസിപ്പിച്ചാണ് മിന്നിമറയുന്നത്. ആദ്യ പകുതിയിലെ പ്രണയഭാവം വിട്ട് നായിക പ്രിയ ആനന്ദ് രണ്ടാം പകുതിയിൽ മറ്റൊരു പരിവേഷത്തിലേക്ക് എത്തുന്നതും കാണേണ്ട കാഴ്ചയാണ്.
കൊച്ചുണ്ണിയുടെ ചുറ്റിലും ചതിക്കുഴികൾ രൂപപ്പെടുന്നതോടെ ഏതൊരു മനുഷ്യനിലും സ്വാർഥത ഉടലെടുക്കുമെന്ന് സംവിധായകൻ കാട്ടിത്തരുന്നുണ്ട്. സംഘട്ടന രംഗങ്ങളിലെല്ലാം തഴക്കം വന്ന അഭ്യാസിയെപ്പോലെ നിവിൻ നിറഞ്ഞു നിൽക്കുകയാണ്. സംഘട്ടന രംഗങ്ങൾ അണിയിച്ചാരുക്കിയവരെ എത്രതന്നെ അഭിനന്ദിച്ചാലും മതിയാവില്ല. പ്രത്യേകിച്ചും ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങൾ.
കഥപറച്ചിലിനിടയിലും പിന്നീട് ആവേശത്തിമിർപ്പിനിടയിലും മിഴിവുള്ള കാഴ്ചകൾകൊണ്ട് ബിഗ്സ്ക്രീനിനെ സന്പന്നമാക്കി ഛായാഗ്രാഹകരായ ബിനോദ് പ്രദനും നീരവ് ഷായും സുധീറും കായംകുളം കൊച്ചുണ്ണിയുടെ ഓർമ പുതുക്കലിന് മിഴിവേകി.
ക്ലൈമാക്സിൽ തങ്ങളായി എത്തിയ ബാബു ആന്റണിയുടെ പ്രകടനം പ്രേക്ഷകരെ ആവേശ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. കേശവനായി എത്തി സണ്ണി വെയ്ൻ തനിക്ക് കിട്ടിയ പ്രതിനായക വേഷം കൈയടക്കത്തോടെ കൈകാര്യം ചെയ്തു.
കൊച്ചുണ്ണിക്ക് ആരേയും ആവേശത്തിലേക്ക് ഉയർത്താനുള്ള എന്തോ ഒരു മാന്ത്രികതയുണ്ട്. ആര് കൊച്ചുണ്ണിയുടെ വേഷമിട്ടാലും ആ മാന്ത്രികതയുടെ ഒരു അംശം അയാളിലേക്കും പ്രവേശിക്കും. ഇവിടെ നിവിനും ആ മാന്ത്രികത കൈമാറിക്കിട്ടിയിട്ടുണ്ട്.
വി.ശ്രീകാന്ത്