നൗഷാദ് മാങ്കാംകുഴി
കായംകുളം: പത്തൊന്പതാം നൂറ്റാണ്ടിൽ ധനികരുടെ മുതലുകൾ അപഹരിച്ച് പാവങ്ങളുടെ പട്ടിണി മാറ്റിയ ‘കായംകുളം കൊച്ചുണ്ണി’യുടെ വീരഗാഥകൾ അഭ്രപാളിയിൽ നിറഞ്ഞ സദസിൽ മുന്നേറുന്പോൾ ആ സിനിമ കാണാൻ പക്ഷേ കൊച്ചുണ്ണിയുടെ നാട്ടിലെ ജനങ്ങൾക്ക് ഭാഗ്യമില്ല.
കായംകുളം പട്ടണത്തിൽ തിയറ്ററുകൾ ഇല്ലാത്തതുമൂലമാണ് കൊച്ചുണ്ണിയുടെ ആരാധകരും കൊച്ചുണ്ണിയുടെ തലമുറയുടെ പിന്തുടർച്ചയിൽപ്പെട്ട കുടുംബക്കാരും ഇപ്പോൾ നിരാശരായി കഴിയുന്നത്. ഇതിൽ യുവാക്കൾ ഉൾപ്പെടെയുള്ളവർ ദൂരെയുള്ള തിയറ്ററുകളിൽ പോയാണ് കായംകുളം കൊച്ചുണ്ണി സിനിമ കാണുന്നത്.
കറ്റാനം ഗാനം, മാവേലിക്കര സന്തോഷ് , പ്രതിഭ, നൂറനാട് സ്വാതി, കരുനാഗപ്പള്ളി തരംഗം, അടൂർ സ്മിത എന്നീ തിയറ്ററുകളിൽ ഏതെങ്കിലുമൊന്നിൽ നിന്നാണ് കായംകുളത്തുകാർ ഇപ്പോൾ സിനിമ കാണുന്നത്.കായംകുളം പട്ടണത്തിൽ വർഷങ്ങൾക്ക് മുന്പ് ബിന്ദു, വി പി എൻ, ലക്ഷ്മി, ഹോബി എന്നിങ്ങനെ നാല് തിയറ്ററുകൾ ഉണ്ടായിരുന്നു. എന്നാൽ സിനിമ കാണുവാൻ പ്രേക്ഷകർ കുറയുകയും തിയറ്റർ വ്യവസായം പ്രതിസന്ധിയിലാകുകയും ചെയ്തതോടെ തിയറ്ററുകൾ ഒന്നൊന്നായി അടച്ചുപൂട്ടി.
ഇതിൽ ബിന്ദു തിയറ്റർ പിന്നീട് ഒാഡിറ്റോറിയമായി. എന്നാൽ ബാക്കിയുള്ള തിയറ്ററുകൾ എല്ലാം പൊളിച്ചു നീക്കി. ഇതോടെ കായംകുളത്തുകാർക്ക് സിനിമ കാണാൻ തിയറ്റർ ഇല്ലാത്ത അവസ്ഥയായി. ഇതിനു പരിഹാരം കാണാൻ 2013ൽ കായംകുളം ജലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ കായംകുളത്ത് നഗരസഭ സ്ഥലം നൽകിയാൽ സർക്കാർ മൾട്ടിപ്ലക്സ് തിയറ്റർ നിർമ്മിക്കുമെന്ന പ്രഖ്യാപനം നടത്തി.
എന്നാൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് സമയബന്ധിതമായി സ്ഥലം വിട്ടു നൽകിയുള്ള കരാറിൽ ഒപ്പിടാൻ നഗരസഭ കാണിച്ച അലംഭാവം മൂലം നടപടികൾ അനന്തമായി നീണ്ടു. ഇതിനിടയിൽ പദ്ധതി നഷ്ടപ്പെടുമെന്ന അവസ്ഥയുമുണ്ടായി.എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാൽ മൾട്ടിപ്ലസ് തിയറ്റർ യാഥാർഥ്യമാക്കുമെന്ന് ജനങ്ങൾക്ക് തെരെഞ്ഞെടുപ്പ് കാലയളവിൽ എൽ ഡി എഫ് വാഗ്ദാനം നൽകി.
കാത്തിരിപ്പിനൊടുവിൽ 2017 നവംബറിൽ നഗരസഭ സ്ഥലം കെ എസ് എഫ്ഡിസിയ്ക്ക് നൽകി സർക്കാർ ഉത്തരവ് ഇറക്കി. 30 വർഷത്തേക്കാണ് നഗരസഭയുടെ സ്ഥലം പാട്ടവ്യവസ്ഥയിൽ സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന് വിട്ടു നൽകാൻ തീരുമാനിച്ചത്. നഗരസഭയും കെഎസ്എഫ്ഡിസിയും തമ്മിലുള്ള ധാരണാപത്രം ഒപ്പിട്ടിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ശിലാസ്ഥാപനം നീളുകയാണ്.
2017 ഒക്ടോബറിൽ ശിലാസ്ഥാപനം നടക്കുമെന്ന് യു പ്രതിഭ എംഎൽഎ പറഞ്ഞെങ്കിലും ഇതും നടന്നില്ല. ഇപ്പോൾ ഒരു നിർമാണവും നടന്നില്ലെന്ന് മാത്രമല്ല തിയറ്റർ നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കാടുകയറുകയും ചെയ്തു.ആലപ്പുഴ ജില്ലയിൽ തിയറ്ററുകൾ ഇല്ലാത്ത ഏക നഗരസഭയും കായംകുളമാണ്.