കായംകുളം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗതാഗത തിരക്കേറിയ കായംകുളം – കാക്കനാട് റോഡിലെ ലെവൽക്രോസിൽ റെയിൽവേ മേൽപ്പാലം നിർമിക്കാൻ സർക്കാർ അനുമതി. കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷനാണ് പാലം നിർമാണത്തിന് സർക്കാർ അനുമതി നൽകിയത്. കായംകുളം – തിരുവല്ല സംസ്ഥാന പാതയിൽ തീരദേശ റെയിൽവേ പാതയിലാണ് കാക്കനാട് മേൽപ്പാലം വരുന്നത്.
ചെട്ടികുളങ്ങരപത്തിയൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി ഭാഗത്ത് കൂടിയാണ് തീരദേശ റെയിൽപാത കടന്നു പോകുന്നത്. കായംകുളം റെയിൽവേ ജംഗ്ഷന് ഏറ്റവും അടുത്ത് നിൽക്കുന്ന ലെവൽ ക്രോസാണ് കാക്കനാട് ലെവൽക്രോസ്, അതിനാൽ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുന്പോൾ തന്നെ ഇവിടെ ഗേറ്റ് അടക്കേണ്ട അവസ്ഥയാണ്.
ഇതുമൂലം വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. പലപ്പോഴും വാഹനങ്ങൾ ഇടിച്ച് റെയിൽവേ ഗേറ്റ് തകരാറിലാകുന്നതും നിത്യ സംഭവമാണ്. ദിവസം മുഴുവനും ഗേറ്റ് അടച്ചിടുന്ന സ്ഥിതി വരെയുണ്ടായിട്ടുണ്ട്. കായംകുളത്ത് നിന്നും തിരുവല്ല, കോട്ടയം ആശുപത്രികളിലേക്ക് പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെ ഗേറ്റിൽ കുരുങ്ങുന്നത് രോഗികളെയും ദുരിതത്തിലാക്കാറുണ്ട്.
ഏറെ തിരക്കുള്ള കായംകുളം – തിരുവല്ല സംസ്ഥാനപാതയിലെ ഏക റെയിൽവെ ഗേറ്റാണിത്. നൂറുകണക്കിന് ബസുകൾ ഉൾപ്പെടെ കടന്നുപോകുന്ന തിരക്കേറിയ പാതയുമാണ്. റെയിൽവേ ഗേറ്റ് അടച്ചിടുന്പോൾ ഇട വഴികളിലൂടെ തിരിഞ്ഞ് പോകേണ്ടി വരുന്നത് യാത്രക്കാർക്ക് ഏറെ പ്രയാസകരവുമാണ്.
കഴിഞ്ഞ മാസം ഒരു ദിവസം പൂർണമായി ഗേറ്റ് അടഞ്ഞു കിടന്നതിനാൽ ചില സ്വകാര്യ ബസുകൾ ചെട്ടികുളങ്ങരയിലും ഭഗവതിപ്പടിയിലും യാത്ര അവസാനിപ്പിക്കുന്ന സാഹചര്യമുണ്ടായി. മേൽപ്പാലത്തിനായി മണ്ണ് പരിശോധന നേരത്തെ കഴിഞ്ഞിരുന്നു. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായാൽ പാലം നിർമാണം വേഗത്തിൽ ആരംഭിക്കാൻ സാധിക്കും.