കായംകുളം: പട്ടാപ്പകൽ കടയിൽ നിന്ന് ഒരു ലക്ഷം കവർന്ന സംഭവത്തിൽ മോഷ്ടാവിനെ പോലീസ് തന്ത്രപരമായി പിടികൂടി. എറണാകുളത്ത് ഫ്ളാറ്റിൽ താമസിക്കുന്ന ഇയാളെ എറണാകുളം പോലീസിന്റെ സഹായത്തോടെയാണ് ഇന്ന് പുലർച്ചെ പിടികൂടിയത്. സമീപത്തെ കടയിൽ നിന്നും ലഭിച്ച സിസി ടിവി ദൃശ്യമാണ് പോലീസിന് സഹായകമായത്.
സിസി ടിവി ദൃശ്യത്തിൽ നിന്നും ഇയാൾ എത്തിയ കാറിന്റെ രജിസ്റ്റർ നന്പറും ഇയാളുടെ ദൃശ്യവും പോലീസിന് ലഭിച്ചു.
ഇയാൾ കടയിൽ കയറുന്നതും തിരികെ ഇറങ്ങി പോകുന്നതുമായ ദൃശ്യമാണ് പോലീസിന് ലഭിച്ചത്. ഇതിൽ കാറിന്റെ രജിസ്റ്റർ നന്പർ പരിശോധനയിലൂടെയാണ് ഇയാളെ കണ്ടെത്തിയത്. ഇയാളെ പോലീസ് ഇന്ന് കായംകുളത്ത് എത്തിക്കും. പോലീസ് സ്റ്റേഷനു വടക്ക് മുക്കവലയിൽ വാഴപ്പളളിൽ പ്രഭാകരന്റെ ഉടമസ്ഥയിലുള്ള പ്രഭാകരൻ ടീ എന്ന തേയിലക്കടയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു മോഷണം നടന്നത്.
കടയിലെത്തിയ യുവാവ് മേശയ്ക്കുള്ളിൽ നിന്നും പണം അപഹരിക്കുകയായിരുന്നു. സംഭവ സമയം കടയിലെ ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ പോയിരുന്നു.പ്രഭാകരൻ മാത്രമേ കടയിലുണ്ടായിരുന്നുള്ളു. കടയിലെത്തിയ യുവാവ് 50 ഗ്രാം ഗ്രീൻടീ വാങ്ങി 500 രൂപയുടെ നോട്ടു നൽകി. കടയുടമ മേശ തുറന്നു ബാക്കി നൽകി.
കടയിൽ നിന്നും പോയ യുവാവ് അൽപസമയത്തിനു ശേഷം മടങ്ങി വന്ന് 100 ഗ്രാം തേയില കൂടി ആവശ്യപ്പെട്ടു. ഇതെടുക്കവേ ഒരു കിലോ തേയില കൂടി വേണമെന്നും പോയിട്ട് ഉടൻ വരാമെന്നും പറഞ്ഞ് യുവാവ് സ്ഥലം വിട്ടു. യുവാവ് മേശയിൽ കൈ ഇടുന്നത് കണ്ട എതിർവശത്തെ കടയിലെ ജീവനക്കാരൻ ഓടി എത്തിയപ്പോഴേക്കും യുവാവ് രക്ഷപ്പെടുകയായിരുന്നു.
ബാക്കി നൽകാൻ മേശ തുറന്നപ്പോൾ മേശക്കുള്ളിൽ പണം കണ്ടതിനെ തുടർന്നാണ് ഇയാൾ വീണ്ടും എത്തിയതെന്നാണ് കരുതുന്നത്. കടയുടമ ബാങ്കിലടയ്ക്കാൻ വച്ചിരുന്ന ഒരു ലക്ഷം രൂപയാണ് കവർന്നത്. പിടിയിലായ മോഷ്ടാവിനെ കൂടുതൽ ചോദ്യം ചെയ്തെങ്കിൽ മാത്രമേ സമാനരീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.