കായംകുളം: ആളില്ലാതെ അടച്ചുപൂട്ടിയിട്ടിരുന്ന വീട് കുത്തിതുറന്ന് അര കിലോ സ്വർണാഭരണങ്ങളും ഒന്നേകാൽ ലക്ഷം രൂപയും കവർന്നുവെന്ന സ്വർണവ്യാപാരിയുടെ പരാതി കെട്ടുകഥയെന്ന് പോലീസ് കണ്ടെത്തൽ. ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് പോലീസ് ഇത് സ്ഥിരീകരിച്ചത്്. ഇതോടെ മോഷണം നടന്നതായി വ്യാജ പരാതി നൽകി പോലീസിനെ തെറ്റിദ്ധരിപ്പിച്ച വാദിയായ സ്വർണ വ്യാപാരിയെ പ്രതിയാക്കി കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ടും നൽകും.
ചേരാവള്ളി ഇല്ലത്തു വീട്ടിൽ വാടകക്കു താമസിക്കുന്ന സ്വർണ വ്യാപാരി മഹാരാഷ്ട്രാ സ്വദേശി സന്തോഷ് പവാറിനെ (39) തിരെയാണ് വ്യാജ മോഷണ പരാതി നൽകിയ കുറ്റത്തിന് പോലീസ് കേസെടുത്തത്. ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നും അര കിലോ സ്വർണാഭരണങ്ങളും 1,25,000 രൂപയും മോഷണം പോയെന്നായിരുന്നു പരാതി.
4 ന് രാത്രി സന്തോഷ് പവാറും കുടുംബവും ചേർത്തലയിലുള്ള ബന്ധുവീട്ടിൽ പോയി രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ വീടിന്റെ മുൻ വശത്തെ കതക് കുത്തിതുറന്ന നിലയിൽ കണ്ടുവെന്നും വീടിനുള്ളിൽ കയറിയപ്പോഴാണ് മോഷണവിവരം അറിയുന്നതെന്നും ഇയാൾ പൊലീസിന് മൊഴിയും നൽകി. കിടപ്പ് മുറിയിലെ മെത്തക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് മോഷ്ടാക്കൾ അലമാര തുറന്നാണ് മോഷണം നടത്തിയതെന്നുമാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. എന്നാൽ പോലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല.
പോലീസ് വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ആദ്യം നൽകിയ മൊഴി മാറ്റി ഇയാൾ പരസ്പര വിരുദ്ധമായ മൊഴി നൽകി. തുടർന്ന് വീണ്ടും ഇയാളെ അന്വേഷണ സംഘം സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണകഥ ബോധപൂർവം തയ്യാറാക്കിയ കെട്ടുകഥയാണെന്ന് കണ്ടെത്തിയത്.
ആദ്യം ചേർത്തലയിൽ ബന്ധുവീട്ടിൽ പോയെന്ന് മൊഴി നൽകിയ ഇയാൾ പിന്നീട് തൃശൂരിൽ തങ്കം സ്വർണമാക്കുന്ന സ്ഥാപനത്തിലാണ് പോയതെന്ന് മൊഴി മാറ്റി നൽകി. ഈ മൊഴി പ്രകാരം ഇയാളുടെ മൊബൈൽ ഫോണ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ ഇയാൾ കായംകുളത്ത് തന്നെ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. അരക്കിലോ സ്വർണം ഇയാളുടെ പക്കൽ ഇല്ലായിരുന്നെന്നും അക്ഷയ തൃതീയയ്ക്ക് സ്വർണാഭരണങ്ങൾ നിർമിച്ച് നൽകാമെന്ന് പറഞ്ഞ് ഇയാൾ നിരവധി ജൂവല്ലറികളിൽ നിന്നും തങ്കം വാങ്ങിയിരുന്നതായും പോലീസ് കണ്ടെത്തി.
എന്നാൽ കടകൾക്ക് ഇയാൾ ആഭരണങ്ങൾ നിർമിച്ച് നൽകിയില്ല. കടയുടമകൾ ബന്ധപ്പെട്ടപ്പോൾ തൃശൂരിൽ പോയി രാത്രി മടങ്ങി വരുകയാണന്നും രാവിലെ ആഭരണങ്ങൾ തരാമെന്നും പറഞ്ഞു. അന്ന് പുലർച്ചെയാണ് മോഷണം നടന്നതായി ഇയാൾ പരാതിയുമായി രംഗത്തെത്തിയത്. വീടിന്റെ മുൻ വശത്തെ കതക് കുത്തിത്തുറന്ന മോഷ്ടാക്കൾ എട്ടു ഗ്രാമിന്റെ രണ്ടുവളകൾ, 50 ഗ്രാമിന്റെ നെക്ലസ്, 25 കുട്ടി വളകൾ, കൈ ചെയിനുകൾ, മോതിരം, കമ്മൽ, ലോക്കറ്റ്, 14 ഗ്രാം ബോംബെ ചെയിൻ, താലി, കൊളുത്ത് തുടങ്ങി അരക്കിലോ സ്വർണാഭരണങ്ങളും 1,25,000 രൂപയും അപഹരിച്ചെന്നാണ് ഇയാൾ മൊഴി നൽകിയത്.
എന്നാൽ സംഭവ ദിവസം കുടുംബസേമതം പുറത്തുപോകാനിറങ്ങിയ ഇയാൾ മോഷണം നടന്നെന്ന് വരുത്തി തീർക്കാൻ കാർ മാറ്റിയിട്ടിട്ട് തിരികെ വീട്ടിലെത്തി കന്പി ഉപയോഗിച്ച് വീടിന്റെ മുൻവശത്തെ വാതിൽ സ്വയം കുത്തിപ്പൊളിക്കുകയായിരുന്നെന്ന് കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. അടുത്തിടെ ഇയാൾ 50 ലക്ഷത്തോളം രൂപാ മുടക്കി വീടു വാങ്ങിയിരുന്നു. ഇതു മൂലം സാന്പത്തിക പ്രതിസന്ധിയുണ്ടായതായും കടക്കാരിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നു ഇതെന്നും പോലീസ് കണ്ടെത്തി.
സ്വർണക്കടകളിൽ നിന്നു തങ്കം വാങ്ങി പകരം തൃശുരിൽ നിന്നും ആഭരണങ്ങൾ ഓർഡർ ചെയ്തും നിർമിച്ച് നൽകുകയും ചെയ്തായിരുന്നു ഇയാളുടെ വ്യാപാരം. അക്ഷയതൃതീയയ്ക്ക് വിൽക്കുവാനായി ഇയാൾക്കു സ്വർണം നൽകിയ കടക്കാർ പകരം ആഭരണങ്ങൾ ചോദിച്ചതോടെയാണ് അവരിൽ നിന്നും രക്ഷപ്പെടാൻ ഇയാൾ മോഷണകഥ ആസൂത്രണം ചെയ്തത്. ഇയാൾക്കെതിരെ കേസ് എടുത്ത് ഉടൻ റിപ്പോർട്ട് നൽകുമെന്ന് പോലീസ് പറഞ്ഞു.