കായംകുളം: കോവിഡ്19 വ്യാപന പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ സുരക്ഷിതത്വം കണക്കിലെടുത്ത് കായംകുളം നഗരസഭ ഓഫീസിൽ നിയന്ത്രണം കർശനമാക്കി.
ഒരു സമയം അഞ്ചുപേരിൽ കൂടുതൽ ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല. അടിയന്തര ആവശ്യങ്ങൾക്കു മാത്രമേ പൊതുജനങ്ങൾ ഓഫീസിൽ എത്തിച്ചേരാവൂ. ഓഫീസിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം.
ബ്രേക്ക് ദ ചെയിൻ കിയോസ്ക്കിൽ കൈ കഴുകി ശുചിയാക്കേണ്ടതുമാണ്. വ്യാപാര സ്ഥാപനങ്ങൾ ജനങ്ങളെ സാമൂഹിക അകലം പാലിപ്പിച്ചു പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്.
ആളുകൾ വ്യാപാരസ്ഥാപനങ്ങളിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും, കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രോഗനിയന്ത്രണത്തിനായി ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും നഗരസഭ ചെയർമാൻ എൻ. ശിവദാസൻ ആവശ്യപ്പെട്ടു.