കായംകുളം: നഗര ഭരണത്തിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് ബലം നൽകി ഭരണപക്ഷ എൽഡിഎഫ് അംഗങ്ങളിൽ ഒരു വിഭാഗവും രംഗത്ത്.
ഇതോടെ കായംകുളം നഗരസഭയിലെ ഭരണപക്ഷത്ത് ഭിന്നത രൂക്ഷമായി. അതസേമയം ഓഡിറ്റ് റിപ്പോർട്ട് വിശദമായി സഭയിൽ ചർച്ച ചെയ്യുമെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നഗരസഭ ചെയർമാൻ എൻ. ശിവദാസൻ അറിയിച്ചു.
എൽഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ കഴിഞ്ഞ ദിവസം ഭരണപക്ഷ കൗണ്‍സിലർമാരുടെ പ്രതിഷേധം സംബന്ധിച്ച് എൽഡിഎഫ് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ടിന്റെ മറവിൽ നഗരഭരണത്തെ അപകീർത്തിപ്പെടുത്താൻ ആരു ശ്രമിച്ചാലും അംഗീകരിക്കില്ല.
അഴിമതിയോ ക്രമക്കേടോ കാണിച്ചുവെന്ന് ബോധ്യമുള്ളവർ അന്വേഷണ ഏജൻസികൾക്കു പരാതി നൽകാൻ തയ്യാറാകണം. ഇപ്പോഴത്തെ നഗരഭരണത്തിന്റെ തുടക്കത്തിൽ ആറ് മാസം തികക്കില്ലെന്ന് പറഞ്ഞവർ ഭരണം അഞ്ചാം വർഷത്തിലേക്കു കടന്നപ്പോൾ പ്രതികാരവുമായി നിലവാരമില്ലാത്തതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ചെയർമാൻ കുറ്റപ്പെടുത്തി.
ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം കൂടിയ കൗണ്‍സിൽ യോഗത്തിൽ ഉണ്ടായ സംഭവങ്ങളാണ് എൽഡിഎഫിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. കൗണ്‍സിൽ യോഗത്തിൽ സെക്രട്ടറി ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കുമെന്ന് ചെയർമാൻ അറിയിച്ചു. എന്നാൽ എല്ലാവർക്കും ഇതിന്റെ പകർപ്പ് കിട്ടിയിട്ടില്ലെന്ന് കൗണ്‍സിലർമാർ ചൂണ്ടിക്കാട്ടി.
കക്ഷി നേതാക്കൾക്ക് പകർപ്പ് നൽകിയെന്നും ചർച്ച പിന്നീട് നടത്താമെന്നും കൗണ്‍സിലിനെ അറിയിച്ച ചെയർമാൻ അടിയന്തര ആവശ്യങ്ങൾക്ക് പുറത്ത് പോയി. ഇതേ തുടർന്ന് വൈസ് ചെയർപഴ്സണ്‍ ആർ.ഗിരിജ കൗണ്‍സിലിൽ അധ്യക്ഷയായി . തുടർന്ന് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.
ഇതിന് ശേഷം വൈസ് ചെയർപഴ്സണ്‍ സഭ പിരിച്ചുവിട്ടു. എന്നാൽ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്. കേശുനാഥ്, എൽഡിഎഫ് കൗണ്‍സിലർമാരായ അബ്ദുൽജലീൽ, ജലീൽ.എസ്. പെരുന്പളത്ത്, കരുവിൽ നിസാർ, അബ്ദുൽമനാഫ്, അനിതാഷാജി, സുഷമ, ആർ. ദീപു, സുശീലാരവി, റജിന എന്നിവർ യോഗം പിരിച്ചു വിട്ടിട്ടും ഹാളിൽ തുടർന്നു.
നഗരസഭയിലെ എൻജിനീയറിംഗ് വിഭാഗത്തിലും പൊതുമരാമത്ത് വിഭാഗത്തിലും വ്യാപകമായ അഴിമതിയാണെന്ന് ഇവർ ആരോപിച്ചു. ഈ സമയം യുഡിഎഫ് കൗണ്‍സിലർമാർ ഹാൾ വിട്ട് പുറത്ത് പോയി.
കൗണ്‍സിൽ ഹാളിൽ നിന്നിറങ്ങി തന്റെ മുറിയിലെത്തിയ വൈസ് ചെയർപഴ്സണ്‍ ആർ.ഗിരിജയെ ബിജെപി കൗണ്‍സിലർമാർ ഈ സമയം ഉപരോധിച്ചു. ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിവച്ചത് ഇടത് വലത് ഒത്തുകളിയാണെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ഡി. അശ്വിനിദേവ് ആരോപിച്ചു.
നഗരസഭയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ നാലു വർഷമായി നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടും റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന് നാളിതു വരെ യുഡിഎഫ് ആവശ്യപ്പെടാത്തത് രഹസ്യ ധാരണയുടെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.