കായംകുളം: നഗരസഭയുടെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ തുരുന്പെടുത്ത് നശിച്ചിട്ടും ലേലം ചെയ്തു മുതൽ കൂട്ടാൻ നടപടിയില്ല. വാഹനങ്ങൾ യഥാസമയം ലേലം ചെയ്തു നൽകാത്തത് കാരണം നഗരസഭയ്ക്കു ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്.
കാലപ്പഴക്കത്താലും അറ്റകുറ്റപ്പണികൾ സമയോചിതമായി നടത്താത്തത് മൂലം ഉപയോഗിക്കാൻ കഴിയാതെ നഗരസഭാവക സ്ഥലത്ത് ഉപേക്ഷിച്ചിരിക്കുന്ന മൂന്നു ഗാർബേജ് ലോറികളും ഒരു അംബാസിഡർ കാറും ഒരു ട്രാക്ടറുമാണ് ലേലം ചെയ്യാതെ മാലിന്യ കൂന്പാരത്തിലേക്കു മാസങ്ങളായി മാറ്റിയിട്ടിരിക്കുന്നത്.
നഗരസഭാ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസ് സ്റ്റേഷനു സമീപമുള്ള ലോറി സ്റ്റാൻഡിനു പിറകിലേക്കാണ് ഈ വാഹനങ്ങൾ തള്ളിയിരിക്കുന്നത്. വാഹനങ്ങൾ യഥാസമയം ലേലം ചെയ്തിരുന്നുവെങ്കിൽ രണ്ടാംവിലയായി ലക്ഷങ്ങൾ നഗരസഭയ്ക്കു ലഭിക്കുമായിരുന്നു.
എന്നാലിപ്പോൾ തുരുന്പ് വിലപോലും ലഭിക്കാതെ ഈ വാഹനങ്ങൾ നശിച്ചുകൊണ്ടിരിക്കുകയാണ്. നഗരസഭാധികൃതരുടെ അനാസ്ഥമൂലമാണ് ലക്ഷങ്ങൾ ലഭിക്കേണ്ടിയിരുന്ന വാഹനങ്ങൾ ലേലം ചെയ്യാതിട്ടിരിക്കുന്നതെന്നാണ് ആക്ഷേപം. ഉപയോഗശൂന്യമായ വാഹനങ്ങൾ ഉടൻ ലേലം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ചതായി സോഷ്യൽ ഫോറം പ്രസിഡന്റ് ഒ. ഹാരിസ് പറഞ്ഞു.