കായംകുളം: യൂത്ത് കോണ്ഗ്രസ് നേതാക്കളുടെ വീട് ആക്രമിച്ച പോലീസുകാര്ക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്ഗ്രസ് ദേശീയ ജനറല് സെക്രട്ടറി കെ സി വേണുഗോപാല് എംപി ആവശ്യപ്പെട്ടു. ചങ്ങലയക്കു ഭ്രാന്ത് പിടിച്ചതുപോലെയാണ് കായംകുളത്ത് പോലീസ് പെരുമാറിയത്. പോലീസുകാര് ജനങ്ങള്ക്കൊപ്പം നില്ക്കേണ്ടവരാണ്.
അര്ധരാത്രി വീടിന്റെ വാതില് ചവിട്ടിപ്പൊളിച്ച് യൂത്ത്കോണ്ഗ്രസ് പ്രവര്ത്തകരെ അറസ്റ്റ് ചെയ്യാന് പാകത്തില് എന്തു കുറ്റകൃത്യമാണ് അവര് ചെയ്തത്. ജനങ്ങളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കാന് പോലീസിന് ആരാണ് അധികാരം നല്കിയത്.
ജനങ്ങളുടെ പ്രശ്നങ്ങള് ഏറ്റെടുത്ത് പൊതുപ്രവര്ത്തകര് സമരം ചെയ്യുന്നതും പ്രതിഷേധിക്കുന്നതും കള്ളക്കടത്ത് പോലെയുള്ള കുറ്റകൃത്യമാണോ? കായംകുളത്തെ പോലീസ് അതിക്രമങ്ങള്ക്ക് നേതൃത്വം നല്കുന്നത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്.
വീടുനുള്ളില് അതിക്രമിച്ചു കയറിയ പോലീസ് അവിടെയുണ്ടായിരുന്ന ഫോണ്വരെ മോഷ്ടിച്ചു. സ്ത്രികളും കുട്ടികളുമുള്ള വീട്ടില് അതിക്രമിച്ച് കയറിയ പോലീസ് നടപടി നികൃഷ്ടമാണ്. നിയമവിരുദ്ധമായ പ്രവര്ത്തനങ്ങളില് ഏര്പ്പിട്ടുണ്ടെങ്കില് അതിന് നിയമവിധേയമായ നടപടിയാണ് പോലീസ് സ്വീകരിക്കേണ്ടത്.
അറസ്റ്റ് ചെയ്യുന്നതിന് സുപ്രീംകോടതി കൃത്യമായ മാര്ഗനിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതെല്ലാം കായംകുളത്ത് ലംഘിക്കപ്പെട്ടു. കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന നടപടിയാണ് പോലീസിന്റേത്. പേടിപ്പിച്ചാല് ഓടിപ്പോകുന്നവരല്ല കോണ്ഗ്രസുകാര്. മറിച്ചുള്ള ചിന്ത പോലിസിനുണ്ടെങ്കില് തെറ്റിധാരണയാണതെന്നും വേണുഗോപാല് പറഞ്ഞു.
കായംകുളം പോലീസ് അതിക്രമിച്ച് വീടുകയറി അറസ്റ്റ് ചെയ്ത യൂത്ത് കോണ്ഗ്രസ് മുന് ജില്ലാ സെക്രട്ടറി ഹാഷിം സേട്ട്, പോലീസ് വാതില് ചവിട്ടിപ്പൊളിച്ച് അതിക്രമം നടത്തിയ നോര്ത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തില് ഉള്പ്പെടെയുള്ള നേതാക്കളുടെ വീടുകള് സന്ദര്ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.