കായംകുളം: യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കായംകുളം റയിൽവേ സ്റ്റേഷനിൽ പ്രവർത്തന സജ്ജമാക്കി ഉദ്ഘാടനം ചെയ്ത എസ്കലേറ്റർ ഇപ്പോൾ യാത്രക്കാർക്ക് ദുരിതമായി. എസ്കലേറ്ററിന്റെ അടിക്കടിയുള്ള തകരാറാണ് ഇപ്പോൾ യാത്രക്കാരെ വലയ്ക്കുന്നത്. പണി പൂർത്തീകരിച്ചിട്ടും എസ്കലേറ്റർ പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമായതോടെയാണ് ഈ മാസം ഒന്നിന് കെ.സി. വേണുഗോപാൽ എംപിയും ഡിവിഷനൽ റെയിൽവേ മാനേജരും അടങ്ങുന്ന സംഘം എസ്കലേറ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയത്.
എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പ്രവർത്തനം നിലച്ച എസ്കലേറ്ററിന്റെ തകരാർ മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് പരിഹരിച്ചത്. കഴിഞ്ഞ നാലു ദിവസമായി നിശ്ചലമായ എസ്കലേറ്റർ ഇപ്പോൾ സാങ്കേതിക തകരാർ പരിഹരിക്കാൻ നടപടിയാകാതെ കിടക്കുകയാണ്. വിഷയത്തിൽ യാത്രക്കാരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
ഒരേസമയം കോട്ടയം ഭാഗത്തേക്കും ആലപ്പുഴ വഴി തീരദേശ പാതയിലേക്കും ദീഘദൂര ട്രെയിനുകളടക്കം നൂറിലധികം ട്രെയിനുകൾ വന്നുപോകുന്ന കായംകുളം റെയിൽവേ സ്റ്റേഷനിൽ അഞ്ച് പ്ലാറ്റ്ഫോമുകളാണുള്ളത്. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽനിന്ന് മറ്റ് നാല് പ്ലാറ്റ് ഫോമുകളിലേക്ക് പോകണമെങ്കിൽ ലഗേജ് ചുമന്ന് മേൽപ്പാലം കയറിയിറങ്ങേണ്ട അവസ്ഥയാണ്. ദീർഘദൂര ട്രെയിനുകളിൽ പോകേണ്ട യാത്രക്കാരാണ് കൂടുതൽ വലയുന്നത്.
ഇതിനു പരിഹാരം കാണാനാണ് എസ്കലേറ്റർ സ്ഥാപിച്ചത്. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എസ്കലേറ്റർ അടിയന്തരമായി നിർത്തേണ്ട സാഹചര്യത്തിൽ അമർത്തേണ്ട സ്വിച്ച് യാത്രക്കാർ കാണുന്ന തരത്തിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് യാത്രക്കാർ തെറ്റിധരിച്ച് അമർത്തിയതാണ് എസ്കലേറ്ററിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമായതെന്നും തകരാർ പരിഹരിച്ച് ഉടൻ പ്രവർത്തന സജ്ജമാക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.