വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ കായംകുളം പുത്തന്‍ റോഡ് യുപി സ്കൂളില്‍ ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് പരിശോധനാ ഫലം.
ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നു. അരിയുടെ സാംപിളില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
അരി, പലവ്യഞ്ജനങ്ങള്‍, വെള്ളം എന്നിവയുടെ സാംപിള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലാണ് പരിശോധിച്ചത്.
വിളവ് പാകമാകാത്ത വന്‍പയറാണ് പാചകത്തിന് ഉപയോഗിച്ചത്. ഇത് ദഹന പ്രകിയയെ പ്രതികൂലമായി ബാധിക്കുന്നതാണ്.
പാചകത്തിന് ഉപയോഗിച്ച വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേ തുടര്‍ന്ന് വെള്ളത്തില്‍ ക്ലോറിനേഷന് നടത്താന്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നിര്‍ദേശം നല്കി. 26 കുട്ടികള്‍ക്കാണ് കായംകുളം പുത്തന്‍ റോഡ് യുപി സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്.
കുട്ടികളുടെ സാംപിളുകളില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാക്കുന്ന എന്ററോ, റോട്ട വൈറസ് സാന്നിധ്യമില്ലെന്ന് ആരോഗ്യ വകുപ്പ് പരിശോധന ഫലവും പുറത്ത് വന്നിരുന്നു.