കായംകുളം: വൈദ്യുതി മുടങ്ങിയാൽ ഉടൻ പ്രവർത്തനം നിശ്ചലമാകുന്ന അവസ്ഥയാണ് കായംകുളം താലൂക്കാശുപത്രിയിലെ ലബോറട്ടറിക്കുള്ളത്. ലാബിന്റെ സ്ഥിതി ശോചനീയമായിട്ടും നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പിനോ ആശുപത്രി മാനേജിംഗ് കമ്മിറ്റിക്കോ കഴിയാത്തത് വലിയ പ്രതിഷേധത്തിനിടയാക്കുകയാണ്. വൈദ്യുതി മുടക്കം പതിവായ സാഹചര്യത്തിൽ വൈദ്യുതി പോയാൽ അപ്പോൾ തന്നെ ലാബ് പ്രവർത്തനരഹിതമാകും.
ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾക്ക് ഇതുമൂലം തകരാറുകൾ സംഭവിക്കുന്നതും പതിവായിട്ടുണ്ട്. ലാബ് പ്രവർത്തിക്കുന്ന മുറിയിൽ ഉയർന്ന കപ്പാസിറ്റിയുള്ള എസിയും ഇൻവെർട്ടർ സംവിധാനവുംഅത്യാവശ്യമാണ്. ഇവിടെയുള്ള ഇൻവെർട്ടർ കേടായിട്ട് മാസങ്ങളായിട്ടും തകരാർ പരിഹരിക്കാനോ പുതിയ ഇൻവെർട്ടർ വാങ്ങാനോ നടപടി സ്വീകരിച്ചിട്ടില്ല.
വൈദ്യുതി പോയാൽ പിന്നീട് ജനറേറ്റർ പ്രവർത്തിപ്പിക്കണം. ഇത് സ്റ്റാർട്ടാക്കി വൈദ്യുതി എത്താൻ പതിനഞ്ച് മിനിട്ടിലേറെ സമയം എടുക്കും. ഈ സമയം ലാബിൽ നടക്കുന്ന പരിശോധനകൾ അവതാളത്തിലാകും. രക്തസാന്പിൾ പരിശോധന നടക്കുന്പോൾ വൈദ്യുതി ഇല്ലാതാകുന്നത് പ്രശ്നം രൂക്ഷമാക്കുകയാണ്.
നഗരസഭ ആശുപത്രി വികസനത്തിന് ഒരു കോടി രൂപാ അനുവദിച്ചിരുന്നു. ഇതിൽ 40 ലക്ഷം ലാബ് നവീകരണത്തിന് വേണ്ടി മാറ്റി വച്ചിരുന്നു. ലക്ഷങ്ങൾ മാറ്റിവെച്ചിട്ട് കാലമേറെയായിട്ടും ലാബ് നവീകരണം ജലരേഖയായി മാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഗരസഭ അനുവദിച്ച ഫണ്ട് പോലും ചെലവാക്കാൻ കഴിയുന്നില്ലന്നും ആക്ഷേപം ഉയർന്നിരുന്നു.
24 മണിക്കൂർ പ്രവർത്തിക്കുന്ന ലാബിൽ രാത്രിയിൽ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട് ഒരാൾ മാത്രമാണ് രാത്രി ഡ്യൂട്ടിക്കുള്ളത്. രാത്രിയിൽ അപകടങ്ങളും മറ്റുമുണ്ടായി എത്തുന്നവരുടെ ലാബ് പരിശോധനകൾക്ക് ഇതു പ്രയാസമുണ്ടാക്കുന്നതിനാൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യവുമുയർന്നിട്ടുണ്ട്.
ലാബിൽ സെക്യൂരിറ്റി ജീവനക്കാരില്ലാത്തിനാൽ വനിതാ ജീവനക്കാർക്ക് രാത്രിയിൽ സുരക്ഷിതത്വമില്ലാത്ത് അവസ്ഥയാണ്. എംഎൽഎ, നഗരസഭ, ആശുപത്രി വികസന സമിതി എന്നിവർ അടിയന്തിരമായി ഇടപെട്ട് ലാബ് പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.