കായംകുളം: പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ടാങ്കില്‍ വെള്ളം ഇല്ലാതെ വന്നതിനെത്തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരെയും മൃതദേഹം കൊണ്ടുവന്ന ബന്ധുക്കളെയുംകൊണ്ട് വെള്ളം കോരിച്ചു.
കായംകുളം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആവശ്യത്തിന് വെള്ളം ഇല്ലാത്തതുമൂലം കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ 11 മുതല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിച്ചത് അഞ്ച് മൃതദേഹങ്ങളാണ്. ഉച്ചയായിട്ടും പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ വിട്ടു നല്കാതാത്തതിനെത്തുടര്ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് കാര്യം അറിയുന്നത്. ആശുപത്രിയില്‍ വെള്ളമില്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിയുന്നില്ലെന്ന് അപ്പോഴാണ് അധികൃതര്‍ അറിയിക്കുന്നത്.
ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന മോട്ടോര്‍ തകരാറിലായതാണ് കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരിഹാരം ഇല്ലാതായതോടെ ബന്ധുക്കളോടും ആംബുലന്‍സ് ഡ്രൈവര്‍മാരോടും വെള്ളം കോരിക്കൊണ്ടുവരാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇതോടെ ഉറ്റവരുടെ മൃതദേഹം വിട്ടുകിട്ടാന്‍ വേറെ മാര്‍ഗമില്ലാതെ വന്നതോടെ പലരും സമീപത്തെ കിണറ്റില്‍നിന്നു വെള്ളം കോരാന്‍ തുടങ്ങുകയായിരുന്നു. ഇതിനിടെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഒടുവില്‍ മോര്‍ച്ചറിക്ക് സമീപം മറ്റൊരു ടാങ്ക് വച്ച് ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തുനിന്നും ഹോസ് ഇട്ട് വെള്ളം ശേഖരിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഇതില്‍നിന്ന് ബക്കറ്റില്‍ വെള്ളമെടുത്ത് ജീവനക്കാര്‍ മോര്‍ച്ചറിക്കുള്ളിലേക്ക് എത്തിച്ച ശേഷമാണ് അഞ്ച് മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തീകരിച്ചത്.
മോട്ടോറിന്റെ തകരാര്‍ പരിഹരിച്ചെന്ന് ആശുപത്രി അധികൃതര്‍ പിന്നീട് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി വെള്ളം കോരിച്ച സംഭവം വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരിക്കുകയാണ്.