കായംകുളം: നീണ്ട ഇടവേളയ്ക്ക് ശേഷം കായംകുളം കായലിൽ ജലോത്സവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ചാന്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള ജലോത്സവം ഒക്ടോബർ 19ന് നടക്കും. യു. പ്രതിഭ എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു.
മുഖ്യരക്ഷാധികാരി ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ചെയർപേഴ്സണ്‍ യു. പ്രതിഭ എംഎൽഎ, രക്ഷാധികാരി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ വൈസ് ചെയർമാൻ നഗരസഭാ ചെയർമാൻ എൻ. ശിവദാസൻ ജനറൽ കണ്‍വീനർ ജില്ല കളക്ടർ ഡോ. ആദില അബ്ദുള്ള, കണ്‍വീനർ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റ്റി.ജി. അഭിലാഷ് എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത് .
നെഹ്റു ട്രോഫി ജലോത്സവത്തിൽ മികവ് തെളിയിക്കുന്ന ഒന്‍പത് ചുണ്ടൻ വള്ളങ്ങളാണ് കായംകുളം ജലോത്സവത്തിൽ മത്സരിക്കുക. കൂടാതെ വെപ്പ്, ഓടി, ചുരുളൻ വള്ളങ്ങൾ അടക്കമുള്ള ചെറുവള്ളങ്ങളുടെ മത്സരങ്ങളും നടക്കും.
നഗരസഭാ ചെയർമാൻ എൻ. ശിവദാസൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മണി വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ആനന്ദൻ, ചാന്പ്യൻസ് ബോട്ട് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം മുൻ എംഎൽഎ കെ.കെ. ഷാജു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, ടെക്നിക്കൽ കമ്മിറ്റി അംഗം ആർ.കെ. കുറുപ്പ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റ്റി.ജി. അഭിലാഷ്, ഡിറ്റിപിസി സെക്രട്ടറി മാലിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഓഗസ്റ്റ് ആദ്യവാരം വിപുലമായ സ്വാഗതസംഘവും സബ് കമ്മിറ്റികളുടെ രൂപീകരണവും നടത്തുമെന്ന് യു. പ്രതിഭ എംഎൽഎ പത്രക്കുറിപ്പിൽ പറഞ്ഞു.