കായംകുളം: സാംസ്കാരിക മേഖലയിലടക്കം സമസ്ത മേഖലയിലും കായംകുളം മണ്ഡലത്തിന്റെ വികസന മുഖം മാറുകയാണെന്ന് യു. പ്രതിഭ എംഎൽഎ. കായംകുളം തിയറ്റർ സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു എംഎൽഎ.
കായലോരത്തോട് ചേർന്നു തന്നെ തിയറ്റർ സമുച്ചയവും വ്യാപാരം സമുച്ചയവും യാഥാർഥ്യമാവുന്നതോടെ കായംകുളത്തിന്റെ സാംസ്കാരിക -വിനോദ മേഖലകളിലെ വികസനത്തിന്റെ നേരടയാളമായി അത് മാറും. കിഫ്ബിയിൽ ഉൾപ്പെടുത്തിയതുകൊണ്ട് തന്നെ നടപടിക്രമങ്ങളിൽ യാതൊരു കാലതാമസവും കൂടാതെ ഒരു വർഷത്തിനുള്ളിൽ തിയറ്റർ സമുച്ചയത്തിന്റെ നിർമാണം പൂർത്തീകരിക്കാനാവും.
കായംകുളം കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് സമീപം നഗരസഭ നല്കിയ 77 സെന്റ് സ്ഥലത്താണ് സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് മള്‍ട്ടി പ്ലസ് തീയേറ്ററിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.
കിഫ്ബിയില്‍ നിന്നും 15.03 കോടി രൂപയാണ് തീയേറ്റര്‍ നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.
40,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്നു തിയറ്ററുകളും നിരവധി വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്ന തിയറ്റര്‍ സമുച്ചയത്തില്‍ ഒന്ന് , മൂന്ന് എന്നീ സ്ക്രീനുകളില്‍ 152 പേര്‍ക്കും സ്ക്രീന്‍ രണ്ടില്‍ 200 പേര്‍ക്കുമുള്ള ഇരിപ്പിടങ്ങളുണ്ടാവും.
നൂതന സാങ്കേതിക വിദ്യയിലുള്ള ഫോർകെ പ്രൊജക്ഷന്, മള്‍ട്ടി ലെവല്‍ ഇന്റീരിയര്‍, ത്രിമാന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനായുള്ള സില്‍വര്‍ സ്ക്രീന്‍, ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, പുഷ്ബാക്ക് സീറ്റുകള്‍, വിപുലമായ പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ സജ്ജീകരണങ്ങളോടു കൂടിയാണ് തിയറ്റര്‍ സമുച്ചയം ഒരുങ്ങുന്നത്.
കായംകുളം നഗരസഭാ ചെയർമാൻ എൻ. ശിവദാസ്, വൈസ് ചെയർപേഴ്സൺ ആർ. ഗിരിജ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു