കായംകുളം: പോലീസ് കാന്റീൻ പൂട്ടിക്കാനെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. കോവിഡിന്റെ സമൂഹ വ്യാപനം തടയാൻ നാടാകെ ജാഗ്രതയോടെ മുന്നോട്ടുപോകുമ്പോഴാണ് കായംകുളം നഗരസഭയും പോലീസും തമ്മിൽ പോര് മുറുകുന്നത്.
രണ്ട് ദിവസം മുമ്പ് ലോക്ക്ഡൗണിനിടെ ഹെൽമറ്റ് വക്കാതെ യാത്ര ചെയ്ത നഗരസഭാ ചെയർമാനെതിരെ പോലീസ് പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജനമൈത്രി കാന്റീൻ അടച്ചു പൂട്ടിക്കാൻ ഇന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എത്തിയത്.
ഇതോടെ ഇരുവിഭാഗവും തമ്മിൽ കൈയേറ്റമുണ്ടായി. പിന്നാലെ നഗരസഭാ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരസഭാ ആരോഗ്യ വിഭാഗം സൂപ്രണ്ടും സംഘവും കായംകുളം പോലീസ് സ്റ്റേഷനിലേക്ക് ജീപ്പിലാണ് എത്തിയത്. പോലീസുകാരോട് ഒന്നും മിണ്ടാതെ സംഘം നേരെ കാന്റീനിലെത്തുകയും ലൈസൻസ് ആവശ്യപ്പെടുകയുമായിരുന്നു.
പോലീസുകാർ മാത്രം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന കാന്റീന് ലൈസൻസ് ആവശ്യമില്ലെന്ന് കായംകുളം സിഐ ജി.ഗോപകുമാർ പറഞ്ഞു. എന്നാൽ ലൈസൻസ് വേണമെന്ന് ആരോഗ്യ സൂപ്രണ്ട് നിലപാടെടുത്തു.
ഇതോടെയാണ് പോലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും തമ്മിൽ ഉന്തും തള്ളുമായത്. ഹെൽത്ത് സൂപ്രണ്ട്, ഇൻപെക്ടർ, ഡ്രൈവർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ സ്റ്റേഷനിൽ അതിക്രമിച്ചു കയറിയതിന് കേസെടുക്കുമെന്ന് പോലീസും നിയമപരമായി നേരിടുമെന്ന് നഗരസഭാ ചെയർമാനും പറഞ്ഞു.