കായംകുളം: കറ്റാനത്ത് വീടിന് തീപിടിച്ച് കിടപ്പുമുറിയുടെ ജനാലകളും വീട്ടുപകരണങ്ങളും പൂർണമായി കത്തി നശിച്ചു. കിടപ്പുരോഗി അത്ഭുതകരമായി രക്ഷപെട്ടു.
ആസാം റൈഫിൾസിലെ ഉദ്യോഗസ്ഥനായ കറ്റാനം ഭരണിക്കാവ് തെക്ക് സോനാവില്ലയിൽ ഹരിദാസിന്റെ വീട്ടിലായിരുന്നു തീ പിടിത്തം.
വീട്ടിൽ ആളിലാത്ത സമയത്തായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മുറിക്കുളളിൽ ഉണ്ടായിരുന്ന അലമാര, കട്ടിൽ ഉൾപ്പെടെ ഗൃഹോപകരണങ്ങളും മുറിയുടെ പുറത്തെ ജനൽ പാളികളും ഫാനുൾപ്പടെയുള്ള ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു.
അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന ബാങ്ക് പാസ്ബുക്കും തിരിച്ചറിയൽ രേഖകളും അഗ്നിക്കിരയായി. കിടപ്പു രോഗിയെ തനിച്ചാക്കി വീട്ടുകാർ പുറത്തേക്കു പോയ സമയത്താണ് തീപിടിത്തമുണ്ടായത്.
മുറിക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.
ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. നാട്ടുകാർ ചേർന്ന് കിടപ്പു രോഗിയെ പുറത്തേക്കെത്തിച്ചതിനാൽ അത്ഭുതകരമായി രക്ഷപെട്ടു.
മറ്റു മുറികളിലേക്കും തീ പടന്നു പിടിച്ചിരുന്നു. തുടർന്ന് കായംകുളം യൂണിറ്റിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ് തീ പൂർണമായി അണച്ചത്. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.