തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലയ്ക്കു പിന്നിൽ സാത്താൻസേവ ബന്ധമെന്നു സൂചന. മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയത് താനാണെന്നു സമ്മതിച്ച പ്രതി കേഡൽ ജീവൻ കൊടുത്ത് ആത്മാവിനെ വേർപെടുത്തലാണ് പരീക്ഷിച്ചതെന്നു മൊഴി നൽകി.
ബുധനാഴ്ച വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്‍റെ മുകളിലെ നിലയിൽ എത്തിച്ചശേഷം മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേഡലിന്‍റെ മൊബൈൽ ഫോണിൽ സാത്താൻ സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച മഴു വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നും കേഡൽ മൊഴി നൽകി.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടിയ കേഡലിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഡിസിപി അരുൾ കൃഷ്ണയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ചെന്നൈയിൽനിന്നു തിരുവനന്തപുരത്ത് എത്തിയപ്പോളാണ് ഇയാളെ ആർപിഎഫ് പിടികൂടിയത്.