തിരുവനന്തപുരം: ജയിലില്‍ കഴിയവെ ദേഹാസ്വാസ്ഥ്യമുണ്ടായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നന്തൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്സണ് രാജ (27) യുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.
അതേസമയം ന്യൂമോണിയബാധ തുടരുന്നതായി ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ ജനുവരി 25-നാണ് കേഡലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉറക്കത്തിനിടെ അപസ്മാരബാധയുണ്ടായതിനെത്തുടര്ന്ന് ദഹിച്ച ആഹാരം ശ്വാസകോശത്തിലേക്ക് എത്തിയതാണ് കേഡലിന്റെ നില വഷളാക്കിയത്.
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം 90 ശതമാനവും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കേഡലിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ അശ്രാന്ത പരിശ്രമമാണ് കേഡലിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകാന്‍ ഇടയാക്കിയത്. ഇപ്പോള്‍ 50 ശതമാനത്തിലേറെ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ബോധം വീണുകിട്ടിയ കേഡല്‍ സംസാരിക്കുന്നുണ്ടെന്നും എന്നാല്‍ വെന്റിലേറ്റര്‍ നീക്കം ചെയ്യാനുള്ള ആരോഗ്യനിലയിലേക്ക് ഇയാള്‍ എത്തിയിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഷര്‍മദ് വ്യക്തമാക്കി.നന്തന്‍കോട്ട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് കേഡല്‍ ജിന്സണ് രാജ അറസ്റ്റിലായത്.