തലശേരി: പൊളിച്ച് നീക്കാന്‍ നഗരസഭയും സബ് കളക്ടറും ഉടമക്ക് നോട്ടീസ് നല്‍കിയിട്ടും അപകടാവസ്ഥയിലെന്ന് ഫയര്‍ഫോഴ്സിന്റെ മുന്നറിയിപ്പുണ്ടായിട്ടും പൊളിച്ചു നീക്കാതെ ഒരു കെട്ടിടം.
ദേശീയ പാതയില്‍ തലശേരി സഹകരണാശുപത്രിക്കു മുന്നിലെ വീനസ് ജംഗ്ഷനിലാണ് നിയമത്തെ വെല്ലുവിളിച്ച് എഴുപത് വര്‍ഷത്തോളം പഴക്കമുള്ള, അപകടാവസ്ഥയിലായ കെട്ടിടം സ്ഥിതിചെയ്യുന്നത്.
കെട്ടിടത്തിന്റെ അപകടാവസ്ഥ മനസിലാക്കിയ പല വ്യാപാരികളും കടമുറികള്‍ ഒഴിഞ്ഞു. നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്ത കെട്ടിടത്തിലെ മുറികള്‍ ചിലര്‍ ഇപ്പോഴും കൈവശം വെക്കുന്നുണ്ടെങ്കിലും മുനിസിപാലിറ്റിയുടെ ലൈസന്‍സ് പോലുമില്ല.
വൈദ്യുതിബന്ധവും അധികൃതര്‍ വിഛേദിച്ചു. കെട്ടിടം പൊളിച്ച് നീക്കാന്‍ തയാറാണെന്ന് കെട്ടിട ഉടമ നഗരസഭയേയും സബ് കളക്ടറേയും രേഖാമൂലം അറിയിച്ചിട്ടുണ്ടെങ്കിലും പൊളിച്ചു നീക്കല്‍ നീണ്ടുപോകുകയാണ്.
കെട്ടിടം പൊളിക്കുന്നതിനെതിരെ വ്യാപാരികളില്‍ ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടയില്‍ കടകളൊഴിയാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് ചില കേന്ദ്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ കെട്ടിടം തകര്‍ന്നു വീണാല്‍ സംഭവിക്കുന്നത് വന്‍ ദുരന്തം തന്നെയായിരിക്കും. 13 സെന്റ് സ്ഥലത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
15 മുറികളാണുള്ളത്. കഴിഞ്ഞ മാസം 20 ന് ഈ കെട്ടിടത്തിന്റെ സണ്‍ഷേഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തകര്‍ന്നു വീണിരുന്നു. അന്ന് ഫയര്‍ഫോഴ്സും പോലീസുമുള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.