ഗിരീഷ് പരുത്തിമഠം
മലയാളി സമൂഹവും ചലച്ചിത്രമേഖലയുമൊന്നാകെ ആകാംക്ഷയോടെ സ്വീകരിക്കുന്ന വര്‍ത്തമാനമാണ് ദിലീപ്-കാവ്യ വിവാഹം. ഇരുവരുടെയും വിവാഹം സംബന്ധിച്ച് കുറെക്കാലമായി പല തരത്തിലുള്ള ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു. അതിനൊക്കെ വിരാമമിട്ടാണ് ഇന്ന് ഈ താരജോടികളുടെ ഒന്നിക്കല്‍. 1999 മുതല്‍ മലയാള സിനിമാ ലോകത്ത് ആരംഭിച്ച കൂട്ടുകെട്ടാണ് ഇന്ന് യഥാര്‍ഥ ജീവിതത്തില്‍ സാക്ഷാത്കരിപ്പെട്ടിരി ക്കുന്നത്. നിരവധി സിനിമകളില്‍ ഹിറ്റ് ജോടികളായി മാറിയ ഇരുവരും ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ മുകുന്ദനും രാധയും ആയാണ് ആദ്യം ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്.
കാവ്യ നായികയായി ആദ്യം അഭിനയിച്ച സിനിമയും ഇതു തന്നെ. തുടര്‍ന്നുള്ള പതിനേഴ് വര്‍ഷത്തിനിടയില്‍ ഈ ഭാഗ്യതാരങ്ങള്‍ പല ചിത്രങ്ങളിലും മികച്ച കൂട്ടുകെട്ട് അണിയിച്ചൊരുക്കി. ഡാര്‍ലിംഗ് ഡാര്‍ലിംഗ് ആയിരുന്നു ഇരുവരുടെയും അടുത്ത സംരംഭം. റാഫി മെക്കാര്‍ട്ടിന്റെ തെങ്കാശിപ്പട്ടണത്തില്‍ കണ്ണപ്പന്റെയും ദാസപ്പന്റെയും പൊന്നോമന പെങ്ങളായ ദേവൂട്ടി (കാവ്യ) ശത്രുഘ്‌ന (ദിലീപ്) ന്റെ മനസില്‍ മാത്രമല്ല, പ്രേക്ഷകഹൃദയത്തിലും ഇടം നേടി. അതേ വര്‍ഷം തന്നെ ഈ ജോടികള്‍ വിനയന്‍ ചിത്രമായ രാക്ഷസരാജാവില്‍ അപ്പുവും ഡെയ്‌സിയുമായി തിളങ്ങി. ദോസ്ത് എന്ന തുളസീദാസ് ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടതും 2001- ലാണ്.
മീശ പിരിക്കുന്ന കള്ളന്‍ മാധവനായി ദിലീപും കള്ളന്റെ ഉള്ളം കവരുന്ന രുഗ്മിണിയായി കാവ്യയും വെള്ളിത്തിരയില്‍ തിളങ്ങിയത് മറ്റൊരു ലാല്‍ ജോസ് ചിത്രത്തില്‍. മീശ മാധവനിലെ മുഖ്യകഥാപാത്രങ്ങളായി ഇരുവരും വീണ്ടും പ്രേക്ഷകരുടെ ഉള്ളില്‍ ഇടം കൂടുതല്‍ ശക്തമാക്കി. ജനപ്രിയ നായകനായി ഉയര്‍ന്ന ദിലീപും മികച്ച അഭിനേത്രികളിലൊരാളായ കാവ്യയും തിളക്കം എന്ന ചിത്രത്തിലൂടെ മലയാളത്തിന് വീണ്ടും വിജയഗാഥ ഒരുക്കി. ജയരാജായിരുന്നു സംവിധായകന്‍. അക്ബര്‍ ജോസ് അണിയിച്ചൊരുക്കിയ സദാനന്ദന്റെ സമയത്തില്‍ സദാനന്ദനായി ദിലീപും ഭാര്യ സുമംഗലയായി കാവ്യയും ഗംഭീര പ്രകടനം കാഴ്ചവച്ചു.
കുടുംബത്തിന് വാത്സല്യനിധിയായ ഉണ്ണി ദാമോദരന്‍ വേറൊരിടത്ത് വാളയാര്‍ പരമശിവമാണ്. ജോഷിയുടെ റണ്‍വേയിലെ ഈ നായകന്‍ ദിലീപിന്റെ കൈകളില്‍ ഭദ്രമായി. ഉണ്ണിയെക്കുറിച്ചുള്ള സകല സത്യങ്ങളും തിരിച്ചറിഞ്ഞിട്ടും അയാളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഗോപികയുടെ റോളില്‍ കാവ്യയും തന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിച്ചു. 2004- ല്‍ പുറത്തിറങ്ങിയ കമലിന്റെ പെരുമഴക്കാലത്തിലും ദിലീപും കാവ്യയും അഭിനയിച്ചു. എന്നാല്‍ ചിത്രത്തില്‍ ദിലീപിന്റെ ജോടിയായി മീരാ ജാസ്മിനും കാവ്യയുടെ ജോടിയായി വിനീതുമായിരുന്നു. ഗംഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ കാവ്യയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും ലഭിച്ചു.
ജോണി ആന്റണിയുടെ കൊച്ചി രാജാവ് എന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായ ഉണ്ണിയെയും അശ്വതിയെയും അവതരിപ്പിച്ച ദിലീപ്- കാവ്യ ജോടികള്‍ ഹിറ്റുകള്‍ തുടര്‍ക്കഥയാക്കി. ജോഷിയുടെ ലയണ്‍ എന്ന സിനിമയില്‍ ഉണ്ണിയെന്ന ബി. കൃഷ്ണകുമാറിനെ ദിലീപും യുവനേതാവിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയ ശാരി എന്ന ശാരികയെ കാവ്യയും മികവുറ്റതാക്കി. ഇന്‍സ്‌പെക്ടര്‍ മാധവന്‍കുട്ടിയും സേതുലക്ഷ്മി ഐഎഎസും- ജോണി ആന്റണിയുടെ ഇന്‍സ്‌പെക്ടര്‍ ഗരുഡിലെ ഈ പ്രധാന കഥാപാത്രങ്ങളായി ദിലീപും കാവ്യയും മത്സരിച്ച് അഭിനയിച്ചു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഉള്‍പ്പെട്ട ജോഷിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ട്വന്റി-20 യില്‍ ദിലീപും കാവ്യയും അഭിനേതാക്കളായി രുന്നു.
എന്നാല്‍ അവര്‍ ജോടികളായിരുന്നില്ല. മമാസ് സംവിധാനം ചെയ്ത പാപ്പി അപ്പച്ചാ എന്ന ചിത്രവും ദിലീപ്- കാവ്യ ജോടികളുടെ മികവുറ്റ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. പാപ്പിയായി ദിലീപ് തകര്‍ത്താടിയപ്പോള്‍ അധ്യാപികയും പഞ്ചായത്ത് അംഗവുമായ ആനിയായി കാവ്യയും ശോഭിച്ചു. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ ജോഷി ഈ താരജോടികളെ വീണ്ടും പ്രേക്ഷക സമക്ഷത്തില്‍ അവതരിപ്പിച്ചു. പിതാവിന്റെ താത്പര്യപ്രകാരം വൈദികനാകാന്‍ പോയ ജോജി (ദിലീപ്) യുടെ മനസിളക്കിയ മാലാഖയായിരുന്നു മന്ത്രിപുത്രിയായ മീനാക്ഷി (കാവ്യ). അക്കു അക്ബര്‍ സംവിധാനം ചെയ്ത വെള്ളരിപ്രാവിന്റെ ചങ്ങാതിയില്‍ മുക്കം ഷാജഹാന്‍, രവി എന്നീ കഥാപാത്രങ്ങളെ ദിലീപും മേരി വര്‍ഗീസ്, സുലേഖ എന്നിവരെ കാവ്യയും ജീവസുറ്റതാക്കി.
ഈ ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് 2011 -ലെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും ലഭിച്ചു. മലയാളത്തിലെ മികച്ച താരജോടികളായും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ദിലീപും കാവ്യയും ചെറിയൊരു ഇടവേളയ്ക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ജോടികളായത്. മലയാളം സാക്ഷ്യം വഹിച്ച ഈ പുതുമയാര്‍ന്ന താരവിവാഹത്തിനും ഒരു സിനിമാക്കഥയുടെ കെട്ടും മട്ടും ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയം.