ചീമേനി: കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം ദേശീയ നിലവാരത്തിലേക്ക് ഉയർത്തും. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ കയ്യൂരിൽ സ്ഥിതി ചെയ്യുന്ന കുടുംബാരോഗ്യകേന്ദ്രത്തിൽ ദിവസേന നൂറിലധികം രോഗികളാണ് ചികിത്സക്കായി എത്തുന്നത്. 1980ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ റൂറല്‍ ഡിസ്പന്‍സറിയായി ആരംഭിച്ച ആരോഗ്യ കേന്ദ്രം പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയായിരുന്നു.
സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിട്ടുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രമാണ് കയ്യൂരിലേത്. നിലവില്‍ വയോജന ക്ലിനിക്ക്, ജീവിത ശൈലീരോഗ നിര്‍ണയ ക്ലിനിക്ക്, കൗമാര ആരോഗ്യ ക്ലിനിക്ക്, വയോജന ക്ലിനിക്ക്, വിഷാദ രോഗ ക്ലിനിക്ക് തുടങ്ങിയവയെല്ലാം ഇവിടെ നല്ല നിലയിൽ പ്രവര്‍ത്തിക്കുന്നു.
മാതൃകാപരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രത്യേക പ്രശംസ നേടിയിട്ടുണ്ട്.
ആരോഗ്യ കേന്ദ്രം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം കുടുംബാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനത്തിനായി എത്തിയ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ സംഘം ഇവിടുത്തെ മാതൃകാപരമായ പ്രവര്‍ത്തനത്തെ പ്രശംസിക്കുകയും ചെയ്തു. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാൻഡേർഡ് (എന്‍ക്യുഎഎസ്) സംസ്ഥാനതല അവലോകനം നടത്തിയതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഈ ആരോഗ്യകേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്.