പത്തനാപുരം: കിണറ്റിൽ വീണ കേഴമാൻ കുഞ്ഞിനെ വനപാലകർ രക്ഷപ്പെടുത്തി. ഒന്നര വയസ് ചെന്ന കേഴക്കുഞ്ഞിനെ കഴിഞ്ഞദിവസം രാവിലെ കിണറ്റിൽ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. പാടം റ്റി എസ് ഹൗസിൽ ദിലീപിന്റെ വീട്ടുമുറ്റത്തെ കൈവരി ഇല്ലാത്ത കിണറ്റിലാണ് കേഴമാന്കുഞ്ഞിനെ കണ്ടെത്തിയത്.
വനത്തിൽ ചെന്നായ്ക്കളുടെ കടിയേറ്റ് ജനവാസ പ്രദേശത്ത് ചാടിയ കേഴ നായ്ക്കൾ ഉപദ്രവിക്കാൻ ശ്രമിക്കവെ പ്രാണരക്ഷാർഥം ഓടവെ കിണറ്റിൽ വീഴുകയായിരുന്നു.
വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ കിണറ്റിൽ ഇറങ്ങി കേഴയെ രക്ഷപ്പെടുത്തി. തുടർന്ന് പാടം വനപ്രദേശത്തെ ഇരുതോട് ഭാഗത്ത് കൊണ്ട് പോയി കേഴയെ വനത്തിലേയ്ക്ക് തുറന്ന് വിട്ടു. പാടം സ്റ്റേഷനിലെ ഫോറസ്റ്റ് ഓഫീസർ എൻ പ്രദീപ്, ദിലീപ്, അനിൽ, ആർ ജയപ്രകാശ് എന്നിവരാണ് കേഴയെ രക്ഷപ്പെടുത്തിയത്.