കഴക്കൂട്ടം : കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്കൂട്ടറിച്ചു കയറി അച്ഛനും മകനും മരിച്ചു.അമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് ഇന്‍ഫോസിസിന് സമീപമുണ്ടായ അപകടത്തിൽ തൃശൂർ ഇരിങ്ങാലക്കുട പാഴായി പനിയത്ത് ഹൗസിൽ (ഇപ്പോൾ ബാലരാമപുരം മുടവൂർപാറയിൽ വാടകയ്ക്ക് താമസിക്കുന്ന) രാജേഷ് എസ്.മേനോൻ(36), മകന് ഋത്വിക് രാജേഷ് (അഞ്ച് ), എന്നിവരാണ് മരിച്ചത്.
സ്കൂട്ടറിൽ ഉണ്ടായിരുന്ന രാജേഷിന്റെ ഭാര്യ സുചിതയെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.കിളിമാനൂരുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു രാജേഷും കുടുംബവും.
കിഴക്കേകോട്ടയിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് വരികയായിരുന്ന ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ സ്കൂട്ടർ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ രാജേഷും ഋത്വികും ബസിന്റെ പിന്നിൽ കുടുങ്ങിയെന്നും സുചിത തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
മൂന്നു പേരെയും നാട്ടുകാർ മെഡിക്കൽ കോള്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജേഷിന്റെയും ഋത്വികിന്റെയും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളത്തെ സിറ്റി ബോണ്ട് എന്ന അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയിലെ റീജിണൽ സെയില്‍സ് എക്സിക്യൂട്ടിവാണ് രാജേഷ്, ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.സംഭവുമായി ബന്ധപ്പെട്ടു തുമ്പ പോലീസ് കേസെടുത്തു.