പല കാരണങ്ങൾകൊണ്ടും സവിശേഷ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായി കഴക്കൂട്ടം മാറിക്കഴിഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ച മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി എന്നതാണ് കഴക്കൂട്ടത്തെ ശ്രദ്ധേയമാക്കുന്നത്.
അതുകൊണ്ടുതന്നെ ഇത്തവണ ആഞ്ഞുപിടിച്ചാൽ മണ്ഡലം തങ്ങൾക്കൊപ്പം പോരുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
ശബരിമല വിഷയം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലം കൂടിയാകും കഴക്കൂട്ടം. ദേവസ്വം ചുമതലയുള്ള മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഇടതുപക്ഷ സ്ഥാനാർഥിയാകുന്പോൾ ബിജെപി സർവ പ്രതിരോധങ്ങളുമായി പടയ്ക്ക് കോപ്പുകൂട്ടുകയാണ്.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയെ ചുറ്റിപ്പറ്റിയായിരുന്നു ഇതുവരെ അഭ്യൂഹങ്ങൾ.
കഴക്കൂട്ടത്ത് സർപ്രൈസ് സ്ഥാനാർഥി വരുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞത്. പക്ഷേ, ശോഭ സുരേന്ദ്രന് എത്തിയപ്പോള് സംസ്ഥാന ഘടകം തീരെ പ്രതീക്ഷിക്കാത്ത സ്ഥാനാർഥിത്വമായിരുന്നു ഇത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി . മുരളീധരൻ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിൽ ഇത്തവണ ശോഭയ്ക്ക് സീറ്റു നല്കുന്നതിൽ ഔദ്യോഗിക പക്ഷത്തിന് താത്പര്യമില്ലെന്നായിരുന്നു റിപ്പോർട്ട്. ഒരുവേള വി. മുരളീധരൻതന്നെ മത്സരിക്കുമെന്നു പറഞ്ഞു കേട്ടു.
പക്ഷേ പ്രധാനമന്ത്രി ഇടപെട്ട് ശോഭയ്ക്ക് കഴക്കൂട്ടം നല്കുകയായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിന്ന ശോഭയോട് കേന്ദ്രനേതൃത്വമാണ് രംഗത്തിറങ്ങാൻ ആവശ്യപ്പെട്ടത്.
കഴക്കൂട്ടത്തു മാത്രമാണെങ്കിലേ താൻ മത്സരിക്കൂവെന്ന ശോഭയുടെ ഡിമാൻഡ് കേന്ദ്രനേതൃത്വം അഗീകരിക്കുകയായിരുന്നു.
പിന്നാലെ മുരളീധരനും ശോഭയെ പിന്തുണച്ചു രംഗത്തെത്തി. ശോഭ ശക്തയായ നേതാവാണെന്നായിരുന്നു മുരളീധരന്റെ മറുപടി.
ഡോ. എസ്.എസ്. ലാൽ ആണ് കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർഥി എന്നതാണ് മണ്ഡലത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം.
ആരോഗ്യരംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ് ഡോ. ലാൽ. വിവിധ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറായ ലാൽ ലോകാരോഗ്യ സംഘടനയിലും സേവനം ചെയ്തിട്ടുണ്ട്.
ഇടതുപക്ഷവും ബിജെപിയുമുയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഒരു പ്രൊഫഷണലിനെ രംഗത്തിറക്കി പരീക്ഷണം നടത്തുകയാണ് കോൺഗ്രസ്.
ശബരിമല വിഷയം ആളിക്കത്തിയപ്പോൾ ദേവസ്വം മന്ത്രിയെന്ന നിലയിൽ കടകംപള്ളി സുരേന്ദ്രൻ എടുത്ത നിലപാടുകളിലൂന്നിയാകും ബിജെപി മണ്ഡലത്തിൽ പ്രചാരണം നടത്തുക.
അതിനു യോജിച്ച തീപ്പൊരി നേതാവിനെ ത്തന്നെ പാർട്ടിക്ക് ലഭിക്കുന്പോൾ കഴക്കൂട്ടം ബിജെപിയുടെ പ്രസ്റ്റീജ് മണ്ഡലമായി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എം.എ. വാഹിദിനെ പിന്തള്ളി നേടിയ 40 ശതമാനം വോട്ടാണ് ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് നല്കുന്ന പ്രതീക്ഷ.