കഴക്കൂട്ടം: ദുരിത ജീവിതത്തിലും അവൻ പത്താം ക്ലാസ് പരീക്ഷയെഴുതി. എന്നത്തേയും പോലെ പതിവ് തെറ്റിക്കാതെ കായലിൽ വലയെറിഞ്ഞു മീൻ പിടിച്ചു. അതിനു ശേഷം റഹിം തന്റെ ഭാവി സുരക്ഷിതമാക്കുവാനുള്ള എസ് എസ് എൽ സി യുടെ ആദ്യ പരീക്ഷ എഴുതി കഠിനംകുളം, ചേരമാൻ തുരുത്ത്, ഗവ. എൽപിസ്കൂളിന് സമീപം വാടകക്കുള്ള ഇടുങ്ങിയ ഒറ്റ മുറികടയിൽ പിതാവ് ഇക്ബാലിന്റെയും മാതാവ് ഷൈലജയുടെയും പിൻതുണയോടെ. വൈദ്യുതിയില്ലാത്ത കടമുറിയിൽ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിലായിരുന്നു കഴിഞ്ഞ ഒരാഴ്ച മുൻപ് വരേയും റഹീമും തന്നോടൊപ്പം പരീക്ഷ എഴുതുന്ന സഹോദരി പതിനേഴ് കാരിയായ ജാസ്മിനും പഠിച്ചിരുന്നത്.ഹൃദ് രോഗിയായ പിതാവിനേയും കുടുംബത്തേയും പോറ്റാനായി കഠിനംകുളം കായലിന്റെ ആഴങ്ങളിൽ റഹീമിന്റെ ജീവിത യാത്രയുടെ കഥ ദീപിക പ്രസിദ്ധീകരിച്ചിരുന്നു.
ഇപ്പോൾ നിരവധി പേരുടെ സഹായങ്ങളാണ് റഹീമിനേയും കുടുംബത്തേയും തേടിയെത്തി കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ഒരാൾ സോളാർ വിളക്ക് നൽകി ഇപ്പോൾ മണ്ണണ്ണ വിളക്കിന്റെ പ്രകാശത്തിൽ നിന്നും സോളാർ വെളിച്ചത്തിന്റെ പ്രകാശത്തിലാണ് റഹിം പഠിക്കുന്നത്. ചിമ്മിണിയുടെ വെട്ടത്തിൽ നിന്നും സോളാർ വിളക്കിന്റെ വെളിച്ചം റഹീമിനും സഹോദരിക്കും ഏറേ ആശ്വാസകരമായിട്ടുണ്ട്. എങ്കിലും ദൈനംദിന മുള്ള കുടുംബത്തിന്റെ അന്നത്തിനും രോഗിയായ പിതാവിന്റെ മരുന്നിനുമായി റഹീമിന് എല്ലാ ദിവസവും കൊതുമ്പ് വള്ളത്തിൽ മത്സ്യബന്ധനത്തിന് പോകാതിരിക്കാൻ നിർവാഹമില്ല.
റഹീമിന്റെ ദുരന്തം നിറഞ ജീവിതയാത്രയെ കുറിച്ച് പത്ര വാർത്ത വന്നതോടെ വിവിധയിടങ്ങളിൽ നിന്നും നേരിട്ടും അല്ലാതെയുമുള്ള സഹായ വാഗ്ദാനങ്ങൾ വന്ന് കൊണ്ടിരിക്കുന്നു എന്നിട്ടും ജനപ്രതിനിധികളോ ഭരണകൂടമോ ഇന്നേവരേ ഈ ദുരിതം കണ്ടില്ലന്ന് നടിക്കുന്നു.