തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകത്തിൽ താൻ നിരപരാധിയാണെന്ന് കേസിലെ ഒന്നാം പ്രതി ഉമേഷ്. തെളിവെടുപ്പിനായി പനന്തുറയിലെ വീട്ടിൽ എത്തിച്ചപ്പോഴാണ് താൻ നിരപരാധിയാണെന്ന് ഉമേഷ് പറഞ്ഞത്. ഉമേഷിന്റെ പനന്തുറയിലെ വീട്ടിൽനിന്നും കൃത്യം നടന്ന ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.
വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ കണ്ടൽക്കാട്ടിലും അന്വേഷണസംഘം ഉമേഷുമായെത്തി തെളിവുകൾ ശേഖരിച്ചു. ഇരയുടെ അടിവസ്ത്രവും ഭക്ഷണവും കണ്ടൽക്കാടിനു സമീപം ഉപേക്ഷിച്ചതായി നേരത്തെ ഉമേഷ് അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ വാഴമുട്ടത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കരമന ആറ്റിലും അന്വേഷണസംഘം മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചു പരിശോധനകൾ നടത്തിവരികയാണ്.
കേസിൽ ആദ്യമായാണ് പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പിന് എത്തുന്നത്. കേസിലെ രണ്ടാം പ്രതിയായ ഉദയനെയും ഇന്ന് തെളിവെടുപ്പിനായി പുന്തുറയിലും വാഴമുട്ടത്തും എത്തിക്കുമെന്നാണ് സൂചന.