വിഴിഞ്ഞം: കഴക്കൂട്ടം -കാരോട് ബൈപാസിന്റെ ബൈറോഡ് തകർന്നു വീണ് ഗതാഗതം തടസപ്പെട്ടു. വിഴിഞ്ഞം കല്ലുവെട്ടംകുഴിഭാഗമാണ് തകർന്നു വീണത്. വെങ്ങാനൂർ ഏലവരുന്ന താഴ്ന്ന ചതുപ്പ് നിലം മണ്ണിട്ട് നികത്തിയാണ് റോഡ് പണിതിരുന്നത്.
പ്രദേശത്തു നിന്ന് വരുന്ന വെള്ളം ഏലായിലേക്ക് ഒഴുകുന്നതിന് രണ്ട് പൈപ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ തിമിർത്ത് പെയ്ത മഴയിൽ കുത്തിയൊഴുകിയെത്തിയ വെള്ളവും ചെളിയും പൈപ്പിൽ നിറഞ്ഞതാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
ചെളി കൊണ്ട് പൈപ്പ് അടഞ്ഞതോടെ വെള്ളം പതിനഞ്ചടിയോളം ഉയർന്നു.ആറ് വരിപ്പാതയുടെ അടിയിലൂടെയുള്ള പൈപ്പ് തുറന്ന് വിട്ട് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള അധികൃതരുടെ ശ്രമം പരാജയപ്പെട്ടതും ഇരുപതടിയോളം നീളത്തിൽ റോഡിന്റെ വശങ്ങൾ തകർന്നു വീഴുന്നതിന് വഴിതെളിച്ചെന്ന് ആരോപണമുണ്ട്.
രണ്ട് കൂറ്റൻ ജനറേറ്റർ ഉപയോഗിച്ച് വെള്ളമടിച്ച് കളയലും മൂന്ന് ജെസിബി കൊണ്ടുള്ള ചെളി മാറ്റലും നടത്തി തകർന്ന ഭാഗം നിരവധി തൊഴിലാളികളുടെ നേതൃത്വത്തിൽ നേരെയാക്കാനുള്ള ശ്രമമാണ് ഇപ്പോൾ തുടരുന്നത്.
കോവളം തലക്കോട് വരെയുള്ള ഒന്നാം ഘട്ടം ഏതാണ്ട് പൂർത്തിയാക്കി തുറന്നുകൊടുത്ത സർവീസ് റോഡിനാണി ഗതികേട്. പൊതു ജനത്തിന് ഗതാഗതത്തിന് നിർമിച്ച് നൽകുന്ന റോഡിന്റെ സുരക്ഷയെക്കുറിച്ച് നേരത്തെയും ആരോപണമുയർന്നിരുന്നു.അതിനിടയിലാണ് ആദ്യമഴയിൽ തന്നെയുള്ള തകർച്ച.