കൽപ്പറ്റ: കർണാടകയിലെ ബന്ദിപ്പുര, നാഗർഹോള, തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളിലും വയനാട് വന്യജീവി സ്ങ്കേതത്തിലെ കുറിച്യാട് റേഞ്ചിലും ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ഏകീകൃത കഴുകൻ സർവേ ദക്ഷിണേന്ത്യൻ വനങ്ങളിൽ ഏപ്രിലിൽ നടത്തും. വൾച്ചർ കണ്‍സർവേഷൻ വർക്കിംഗ് ഗ്രൂപ്പ് ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കഴുകൻമാരുടെ സാന്നിധ്യമുള്ള വനമേഖലകളിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്താനിരുന്ന സർവേയാണ് ഏപ്രിലിലേക്കു മാറ്റിയത്.
ദക്ഷിണേന്ത്യൻ വനങ്ങളിൽ, പ്രത്യേകിച്ചും കാട്ടുതീ വൻ നാശം വിതച്ച പ്രദേശങ്ങളിൽ വേനൽമഴ ലഭിച്ചതിനുശേഷം സർവേ തീയതി തീരുമാനിക്കുമെന്ന് വർക്കിംഗ് ഗ്രൂപ്പ് മെന്പറും കണ്‍സർവേഷൻ ബയോളജിസ്റ്റുമായ സി.കെ. വിഷ്ണുദാസ് പറഞ്ഞു. ദിവസം 100 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന പക്ഷിയാണ് കഴുകൻ.
തെന്നിന്ത്യയിൽ വയനാട് വന്യജീവി സങ്കേതം, തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതം, സത്യമംഗലം വനം, കർണാടകയിലെ ബന്ദിപ്പുര കടുവ സങ്കേതം, നാഗർഹോള ദേശീയോദ്യാനം, ആന്ധ്രപ്രദേശിലെ ശ്രീശൈലം എന്നിവിടങ്ങളിലാണ് പ്രധാനമായും കഴുകൻമാരുള്ളത്. കഴുകൻമാരെ ഇനം തിരിച്ച് അറിയുന്നതിൽ പാടവമുള്ള 250 ഓളം പേരാണ് നാലു സംസ്ഥാനങ്ങളിലുമായി സർവേയിൽ പങ്കെടുക്കുക.
വയനാട്ടിൽ സി.കെ. വിഷ്ണുദാസ്, പക്ഷിശാസ്ത്രജ്ഞൻ സി. ശശികുമാർ, തമിഴ്നാട്ടിൽ വർക്കിംഗ് ഗ്രൂപ്പ് കോ ഓർഡിനേറ്ററുമായ കണ്‍സർവേഷൻ ബയോളജിസ്റ്റ് ഭാരതിദാസൻ, കർണാടകയിൽ വൈൽഡ് ലൈഫ് കണ്‍സർവേഷൻ ഫൗണ്ടേഷൻ മേധാവി രാജ്കുമാർ ദേവരാജെ അർസ്, ആന്ധ്രപ്രദേശിൽ പക്ഷി ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ഹുസൈൻ എന്നിവർ സർവേയ്ക്കു നേതൃത്വം നൽകും. വയനാട്ടിൽ മാത്രം 35 പേർ സർവേ ടീമിലുണ്ടാകും.
തവിട്ടുകഴുകൻ, ചുട്ടിക്കഴുകൻ, കാതിലക്കഴുകൻ, തോട്ടിക്കഴുകൻ എന്നിവയാണ് ദക്ഷിണേന്ത്യയിൽ കാണുന്ന മുഖ്യ കഴുകൻ ഇനങ്ങൾ. നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ വനപ്രദേശങ്ങളിൽ കരിങ്കഴുകൻ(യൂറേഷ്യൻ ബ്ലാക്ക് വൾച്ചർ), ഹിമാലയൻ കഴുകൻ എന്നീ ഇനങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.