കൽപ്പറ്റ: വംശനാശത്തിന്റെ വക്കിലുള്ള കഴുക·ാരുടെ സംരക്ഷണം മുൻനിർത്തി പ്രവർത്തിക്കുന്ന വൾച്ചർ കണ്‍സർവേഷൻ വർക്കിംഗ് ഗ്രൂപ്പ് ദക്ഷിണേന്ത്യൻ വനങ്ങളിൽ ഏകീകൃത കഴുകൻ സർവേ നടത്തുന്നു. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കഴുകന്മാരുടെ സാന്നിധ്യമുള്ള വനമേഖലകളിലാണ് സർവേ. നാലു സംസ്ഥാനങ്ങളിലും വനം-വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ ഫെബ്രുവരി ആദ്യവാരം ഒരേദിവസം ഒരേസമയമായിരിക്കും സർവേയെന്നു വർക്കിംഗ് ഗ്രൂപ്പ് മെംബറും കണ്‍സർവേഷൻ ബയോളജിസ്റ്റുമായ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
കഴുകന്മാരെ ഇനം തിരിച്ച് അറിയുന്നതിൽ പാടവമുള്ള 250 ഓളം പേരാണ് നാലു സംസ്ഥാനങ്ങളിലുമായി സർവേയിൽ പങ്കെടുക്കുക. സർവേ ടീം തെരഞ്ഞെടുപ്പ് പുരോഗതിയിലാണ്. വയനാട്ടിൽ മാത്രം 35 പേർ ടീമിലുണ്ടാകും. വയനാട്ടിൽ സി.കെ. വിഷ്ണുദാസ്, പക്ഷിശാസ്ത്രജ്ഞൻ സി. ശശികുമാർ, തമിഴ്നാട്ടിൽ വർക്കിംഗ് ഗ്രൂപ്പ് കോ ഓർഡിനേറ്ററുമായ കണ്‍സർവേഷൻ ബയോളജിസ്റ്റ് ഭാരതിദാസൻ, കർണാടകയിൽ വൈൽഡ് ലൈഫ് കണ്‍സർവേഷൻ ഫൗണ്ടേഷൻ മേധാവി രാജ്കുമാർ ദേവരാജെ അർസ്, ആന്ധ്രപ്രദേശിൽ പക്ഷി ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ഹുസൈൻ എന്നിവർ സർവേയ്ക്കു നേതൃത്വം നൽകും.
രാവിലെ ഒന്‍പതു മുതൽ 12 വരെയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ നാലു വരെയുമായിരിക്കും സർവേ. ദിവസം 100 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന പക്ഷിയാണ് കഴുകൻ. വിവിധ മേഖലകളിൽ വിവിധ ദിവസങ്ങളിൽ സർവേ നടത്തുന്നതു ഇവയുടെ യഥാർഥം എണ്ണവും വൈവിധ്യവും തിട്ടപ്പെടുത്തുന്നതിനു തടസമാകും. ഈ സാഹചര്യത്തിലാണ് ഒരേദിവസം ഒരേസമയം സർവേ ആസൂത്രണം ചെയ്തത്.
തെന്നിന്ത്യയിൽ കേരളത്തിലെ വയനാട് വന്യജീവി സങ്കേതം, തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതം, സത്യമംഗലം വനം, കർണാടകയിലെ ബന്ദിപ്പുര കടുവ സങ്കേതം, നാഗർഹോള ദേശീയോദ്യാനം, ആന്ധ്രപ്രദേശിലെ ശ്രീശൈലം എന്നിവിടങ്ങളിലാണ് പ്രധാനമായും കഴുകന്മാരുള്ളത്. തവിട്ടുകഴുകൻ, ചുട്ടിക്കഴുകൻ, കാതിലക്കഴുകൻ, തോട്ടിക്കഴുകൻ എന്നിവയാണ് ദക്ഷിണേന്ത്യയിൽ കാണുന്ന മുഖ്യ കഴുകൻ ഇനങ്ങൾ.
നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ വനപ്രദേശങ്ങളിൽ കരിങ്കഴുകൻ(യൂറേഷ്യൻ ബ്ലാക്ക് വൾച്ചർ), ഹിമാലയൻ കഴുകൻ എന്നീ ഇനങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിലുള്ള നായ്ക്കെട്ടിയിലാണ് കരിങ്കഴുകനെ 2017 ഡിസംബറിൽ കണ്ടത്. 2017 ജനുവരിയിൽ വനം-വന്യജീവി വകുപ്പ് നടത്തിയ സർവേയിൽ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ കാക്കപ്പാടത്തു 53 ചുട്ടിക്കഴുകന്മാരെയും അഞ്ച് കാതിലക്കഴുകന്മാരെയും കണ്ടെത്തിയിരുന്നു.
വന്യജീവി സങ്കേതത്തിൽ തോൽപ്പെട്ടി റേഞ്ചിലെ ദൊഡാടി, അയ്യപ്പൻപാറ, ബേഗൂർ, പുഞ്ചവയൽ, ബത്തേരി റേഞ്ചിലെ ഒട്ടിപ്പാറ, കുറിച്യാട് റേഞ്ചിലെ ദൊഡക്കുളസി, ഗോളൂർ, കുറിച്യാട്, മുത്തങ്ങ റേഞ്ചിലെ മുതുമലക്കല്ല്, മുത്തങ്ങ, കല്ലുമുക്ക് എന്നിവിടങ്ങളിലും നടന്ന സർവേയിൽ 24 പരുന്ത് വർഗങ്ങളെയും കാണുകയുണ്ടായി.
ഫെബ്രുവരിയിലെ സർവേയിലൂടെ ലഭിക്കുന്ന വിവരം കഴുകന്മാരുടെ സംരക്ഷണത്തിനുള്ള പദ്ധതികളുടെ ആസൂത്രണത്തിനു ഉപയോഗപ്പെടുത്തുന്നതിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും അതത് സംസ്ഥാന വനം-വന്യജീവി വകുപ്പിനും ലഭ്യമാക്കാനാണ് വർക്കിംഗ് ഗ്രൂപ്പ് തീരുമാനം.
ഇന്ത്യയിൽ 1980 കളിൽ ഉണ്ടായിരുന്ന നാല് കോടി കഴുകന്മാരിൽ 99.9 ശതമാനവും 2005 ആയപ്പോഴേക്കും കഥാവശേഷമായി. ഡൈക്ലോഫെനാക്, കേറ്റോപ്രോഫിൻ തുടങ്ങിയ വേദനസംഹാരികൾ പ്രയോഗിച്ച കന്നുകാലികളുടെ മൃതാവശിഷ്ടങ്ങൾ ഭക്ഷിച്ചാണ് കഴുക·ാരിൽ ഏറെയും ചത്തത്. വനത്തിലും അതിർത്തിയിലും ചാകുന്ന മൃഗങ്ങളുടെ മാംസം ആഹരിക്കുന്നതിലൂടെയാണ് വേദനസംഹാരികളുടെ അംശം കഴുകന്മാരിലെത്തുന്നത്. ആന്ധ്രപ്രദേശിൽ നാമമാത്രമാണ് കഴുകന്മാരുടെ എണ്ണം.
പരിസ്ഥിതി സന്തുലനത്തിൽ സുപ്രധാന പങ്കുള്ള കഴുകന്മാരുടെ സംരക്ഷണത്തിൽ തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ വനം-വന്യജീവി വകുപ്പുകൾ അലസത കാട്ടുന്ന സ്ഥിതിയാണുള്ളത്. വയനാട് വന്യജീവി സങ്കേതത്തിലെ കഴുകന്മാരുടെ സംരക്ഷണത്തിനു കഴിഞ്ഞവർഷം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽനിന്നു ലഭിച്ച 30 ലക്ഷം രൂപ വകമാറി ചെലവഴിക്കുകയാണുണ്ടായത്.