കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ കഴുകന്മാരുടെ സംരക്ഷണത്തിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 50 ലക്ഷം രൂപ അനുവദിച്ചു. വയനാട് വൈൽഡ് ലൈഫ് വാർഡൻ സംസ്ഥാന വനം-വന്യജീവി വകുപ്പ് മുഖേന സമർപ്പിച്ച പദ്ധതി അംഗീകരിച്ചാണ് ഫണ്ട് അനുവദിച്ചത്.
തുക ലഭ്യമാകുന്ന മുറയ്ക്ക് വന്യജീവി സങ്കേതത്തിൽ കഴുകൻ സംരക്ഷണ പരിപാടികൾ ഊർജിതമാക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സാജൻ, കണ്സർവേഷൻ ബയോളജിസ്റ്റ് ഒ. വിഷ്ണു എന്നിവർ പറഞ്ഞു. വയനാട്ടിൽ ആദ്യമായി വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിലുള്ള നായ്ക്കെട്ടിയിൽ കരിങ്കഴുകനെ(യൂറേഷ്യൻ ബ്ലാക്ക് വൾച്ചർ) കഴിഞ്ഞദിവസം കണ്ടതായി അവർ പറഞ്ഞു.
കേരളത്തിൽ കഴുകന്മാരുടെ ഏക ആവാസ വ്യവസ്ഥയാണ് വയനാട് വന്യജീവിസങ്കേതം. ചുട്ടി, കാതില ഇനങ്ങളിൽപ്പെട്ട കഴുകന്മാരുടെ സാന്നിധ്യമാണ് വന്യജീവി സങ്കേതത്തിൽ ഇതിനകം സ്ഥിരീകരിച്ചത്. വനം-വന്യജീവി വകുപ്പ് പക്ഷി ശാസ്ത്രജ്ഞർ, പക്ഷി നിരീക്ഷകർ, വിദ്യാർഥികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ ജനുവരിയിൽ വന്യജീവി സങ്കേതത്തിൽ നടത്തിയ സർവേയിൽ 53 ചുട്ടിക്കഴുകന്മാരെയും അഞ്ച് കാതിലക്കഴുകന്മാരെയും കണ്ടെത്തിയിരുന്നു.
തോൽപ്പെട്ടി റേഞ്ചിലെ ദൊഡ്ഡാടി, അയ്യപ്പൻപാറ, ബേഗൂർ, പുഞ്ചവയൽ, ബത്തേരി റേഞ്ചിലെ ഒട്ടിപ്പാറ, കുറിച്യാട് റേഞ്ചിലെ ദൊഡ്ഡക്കുളസി, ഗോളൂർ, കുറിച്യാട്, മുത്തങ്ങ റേഞ്ചിലെ മുതുമലക്കല്ല്, മുത്തങ്ങ, കല്ലുമുക്ക് എന്നിവിടങ്ങളിലായിരുന്നു മൂന്നു ദിവസത്തെ സർവേ. 24 പരുന്ത് വർഗങ്ങളെയും സർവേയിൽ കാണാൻ കഴിഞ്ഞു.
ചുട്ടി, കാതില ഇനങ്ങളെ അപേക്ഷിച്ച് വലിപ്പവും തൂക്കവും കൂടുതലുള്ളതാണ് കരിങ്കഴുകൻ. വളർച്ചയെത്തിയ കാതില, ചുട്ടി കഴുകന്മാർക്ക് ശരാശരി ഏഴ് കിലോഗ്രാമാണ് തൂക്കം. എന്നാൽ കരിങ്കഴുകനു 12 കിലോഗ്രാം വരെ തൂക്കം ഉണ്ടാകും. ഈ ഇനത്തിൽ ആണ്കഴുകന്മാരെ അപേക്ഷിച്ച് പെണ്കഴുകന്മാർക്കാണ് തൂക്കം കൂടുതൽ. രോമാവൃതമായ കഴുത്തുള്ള കരിങ്കഴുകനു ചിറകുകൾ വിരിക്കുമ്പോൾ ഏകദേശം മൂന്നു മീറ്ററാണ് വീതി. ചുട്ടി, കാതില ഇനങ്ങളിൽ ഇത് രണ്ടര മീറ്റർ വരെയാണ്.
ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലും മധ്യേഷ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്നതാണ് കരിങ്കഴുകൻ. വയനാടിനോടു ചേർന്നുള്ള കർണാടകയിലെ നാഗർഹോള ദേശീയോദ്യാനത്തിൽ 2016ൽ ഒരു കരിങ്കഴുകനെ കണ്ടെത്തിയിരുന്നു.
രോഗങ്ങൾ പടർന്നുപിടിക്കാതെ ജീവിസമൂഹത്തെ സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന കഴുകന്മാർ വംശനാശത്തിന്റെ വക്കിലുള്ളവയാണെന്ന് ഒ. വിഷ്ണു പറഞ്ഞു. ഇന്ത്യയിൽ 1980കളിൽ ഉണ്ടായിരുന്ന നാല് കോടി കഴുകന്മാരിൽ 99.9 ശതമാനവും 2005 ആയപ്പോഴേക്കും അപ്രത്യക്ഷമായി. ഡൈക്ളോഫിനാക്ക് എന്ന വേദനസംഹാരി പ്രയോഗിച്ച കന്നുകാലികളുടെ മൃതാവശിഷ്ടങ്ങൾ കഴിച്ചവയാണ് ചത്തൊടുങ്ങിയ കഴുകന്മാരിലേറെയും. കേന്ദ്ര മന്ത്രാലയം അനുവദിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി ജനങ്ങൾക്കിടയിൽ ബോധവത്കരണം ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുമെന്ന് വിഷ്ണു പറഞ്ഞു.