കൊല്ലം :കശുവണ്ടി മേഖലയിലെ സാന്പത്തിക തിരിമറിയെയും അഴിമതിയെയും സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നവരെ അപഹസിക്കുന്ന മന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
കാഷ്യൂ ബോർഡിന്റെ രൂപീകരണം കൊണ്ട് എന്ത് ഫലമാണുണ്ടായതെന്ന് മന്ത്രി വിശദീകരിക്കണം.
കശുവണ്ടി സംഭരണത്തിന് ഇടനിലക്കാരെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് സ്വകാര്യ പങ്കാളിത്തതോടു കൂടി കാഷ്വു ബോർഡ് രൂപീകരിച്ചത്. എന്തുകൊണ്ട് കാഷ്വു ബോർഡ് തോട്ടണ്ടി സംഭരണത്തിന് ഇടനിലക്കാരെ ഒഴിവാക്കിയില്ല ഗുണനിലവാരമില്ലാത്ത തോട്ടണ്ടി സംഭരിച്ച് കോർപ്പറേഷനു നൽകി പരിപ്പാക്കി വിറ്റതിലൂടെ കോർപ്പറേഷനുണ്ടായ ഭീമമായ നഷ്ടത്തിന്റെ ഉത്തരവാദിത്വം കോർപ്പറേഷനാണോ കാഷ്വു ബോർഡിനാണോ എന്ന് വെളിപ്പെടുത്തണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കാഷ്വു ബോർഡിന്റെ രൂപീകരണം മുതൽ നാളിതുവരെ ഭരണപരമായ ചിലവുകൾക്ക് എന്തു തുക ചെലവിട്ടു .
കാപ്പക്സിനും കോർപ്പറേഷനും നേരിട്ട് തോട്ടണ്ടി സംഭരിക്കുവാനുളള നിയമവ്യവസ്കൾ നിലനിൽക്കുന്പോൾ അവർക്ക് വേണ്ടി മാത്രം തോട്ടണ്ടി വാങ്ങി നൽകുവാൻ ഒരു ബോർഡിന്റെ ആവശ്യമെന്താണ് .
കശുവണ്ടി മേഖല തകർന്നടിയുന്പോൾ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുവാൻ ഉത്തരവാദിത്വമുളള സർക്കാർ സ്ഥാപനങ്ങൾ അഴിമതിയുടെയും സാന്പത്തിക തിരിമറിയുടെയും കേന്ദ്രങ്ങളായി അധപതിക്കുന്നത് അപലപനീയമാണ്.
തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് നുണപ്രചരണമായി വ്യാഖ്യാനിച്ച് ഉത്തരവാദിത്വത്തിൽ നിന്നും തടിതപ്പുന്നതിനു പകരം വസ്തുതകൾ നിരത്തി ഉത്തരം പറയുവാൻ മന്ത്രി തയ്യാറാകണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.