തിരുവനന്തപുരം: ഇലക്ട്രിക് ബസിന്റെ വരവു ചെലവ് കണക്ക് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് കെഎസ്ആർടിസി സമർപ്പിക്കും. കെഎസ്ആർടിസി എംഡി. ബിജു പ്രഭാകർ വിദേശത്തായതിനാൽ ജോയിന്റ് എംഡിയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇലക്ട്രിക് ബസിലെ ഓരോ റൂട്ടിലെയും വരവ് ചെലവ് കണക്കുകൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് ഉടൻ നൽകണമെന്ന് മന്ത്രി കഴിഞ്ഞയാഴ്ച കെഎസ്ആർടിസിക്ക് നിർദേശം നൽകിയിരുന്നു. ഇന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ച് ചേർത്തിട്ടുണ്ട്. ഇലക്ട്രിക് ബസുകൾ പുതുതായി വാങ്ങില്ലെന്ന് മന്ത്രി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
ഒരു ബസിന് ചെലവാകുന്ന 93 ലക്ഷം രൂപയുണ്ടെങ്കിൽ നാല് ഡീസൽ ബസ് വാങ്ങാമെന്നും ഇലക്ട്രിക് ബസ് നഷ്ടമാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. ഇത് രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. ഭരണപക്ഷ എംഎൽഎ വി.കെ. പ്രശാന്തും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദൻ മാസ്റ്ററും മന്ത്രിയുടെ നിലപാടിനെ തള്ളികളഞ്ഞിരുന്നു.
കിഫ്ബി വഴിയും സ്മാർട്ട് സിറ്റി വഴിയും ഇ ബസുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതെല്ലാം താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം എന്താകുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്നും കരകയറ്റാനും ജീവനക്കാർക്ക് യഥാസമയം ശന്പളം നൽകാനുമായി നടപ്പിലാക്കുന്ന പരിഷ്കാരങ്ങളോട് യൂണിയനുകൾ സഹകരിക്കണമെന്ന് മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പല സുപ്രധാന നിർദേശങ്ങളും അദ്ദേഹം മുന്നോട്ട് വച്ചത്.