ചാത്തന്നൂർ: കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാർ ചർച്ച നടത്തും. സെക്രട്ടറിയേറ്റിലെ ഗതാഗത മന്ത്രിയുടെ ചേംബറിൽ ഉച്ചയ്ക്ക് 12.30-നാണ് യോഗം. ഗതാഗത മന്ത്രിയായി കെ.ബി.ഗണേശ് കുമാർ ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സി ഐ ടി യു ) ട്രാൻസ്പോർട്ട് ഡമോക്രാറ്റിക് ഫ്രണ്ട് (റ്റി ഡി എഫ് ) കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) എന്നിവയാണ് കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകൾ.
കെ.ബി.ഗണേശ് കുമാർ ആദ്യം ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് യൂണിയനുകളുടെ സഹകരണത്തോടെ കെ എസ് ആർടിസിയെ ലാഭത്തിലെത്തിക്കാൻ ശ്രമം ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി പല പരിഷ്കാരങ്ങളും നടപ്പാക്കുകയും ചെയ്തു. വോൾവോ ബസ് സർവീസ് തുടങ്ങിയതും മിനി ബസ് സർവീസ് ആരംഭിച്ചതും വേണാട്, മലബാർ, അനന്തപുരി തുടങ്ങിയ പേരുകളിൽ പ്രാദേശിക സർവീസുകൾ നടത്തിയതും അദ്ദേഹത്തിന്റെ ആശയങ്ങളായിരുന്നു. ബുധനാഴ്ച മന്ത്രി സംഘടനാനേതാക്കളുമായി നടത്തുന്ന ചർച്ചയിലും കെ എസ് ആർ ടി സിയെ ലാഭ-നഷ്ടങ്ങളില്ലാത്ത അവസ്ഥയിൽ എങ്ങനെ എത്തിക്കാം എന്നതു തന്നെയായിരിക്കും. ശമ്പളവും പെൻഷനുമായി ബന്ധപ്പെട്ട് കോടതികളിൽ നടക്കുന്ന കേസുകളെക്കുറിച്ചും ചർച്ച ഉണ്ടാകുമെന്നറിയുന്നു.
പ്രദീപ് ചാത്തന്നൂർ