കാഞ്ഞാർ: സ്ഥലംമാറ്റം ലഭിച്ച ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിനു കാഞ്ഞാർ സ്റ്റേഷനിൽ യാത്രയയപ്പ്നൽകി. പോലീസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിലായിരുന്നു യാത്രയയപ്പ്. തൊടുപുഴയിൽ നടത്താനിരുന്ന യാത്രയയപ്പു പരിപാടി കാഞ്ഞാറിലേക്കു മാറ്റുകയായിരുന്നു.
മറുപടി പ്രസംഗത്തിൽ കെ.ബി. വേണുഗോപാൽ വികാരാധീനനായി. അവിചാരിതമായി ഉണ്ടായ സംഭവത്തിന്റെ പേരിലാണ് തനിക്ക് സ്ഥലംമാറ്റം ലഭിച്ചതെന്നും ഇതിൽ ഖേദം ഉണ്ടെന്നും എസ്പി പറഞ്ഞു. ആരോടും പരാതിയും പരിഭവവും ഇല്ല. ഓരോരുത്തരും അവരവരുടെ ജോലി ചെയ്യുന്നു. പത്രക്കാർ പത്രക്കാരുടെ ജോലിയും രാഷ്്ട്രീയക്കാർ അവരുടെ ജോലിയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഡീഷണൽ എസ്പി കെ. മുഹമ്മദ് ഷാഫി, തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസ്, ജില്ലയിലെ സിഐ, എസ്ഐ മാർ, പൊലീസ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വാട്ട്സ്ആപ്പിലൂടെയാണ് ഇന്നലെ പോലീസ് ഉദ്യോഗസ്ഥർ എസ്പിയുടെ യാത്രയയപ്പു വിവരം അറിഞ്ഞത്. തൊടുപുഴ പോലീസ് സ്റ്റേഷനിൽ നിശ്ചയിച്ചിരുന്ന സമയത്തിനു അൽപം മുന്പാണ് പരിപാടി കാഞ്ഞാറിലേക്ക് മാറ്റിയത്.
തൊടുപുഴ പോലീസ് സ്റ്റേഷനിൽ എത്തിയ മാധ്യമപ്രവർത്തകരോട് പരിപാടി ഇവിടെ വച്ചു തന്നെയാണെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഇതിനിടെ തൊടുപുഴയിലെ ഉദ്യോഗസ്ഥർ വാഹനത്തിൽ കയറി പോകുകയും ചെയ്തു. എസ്ഐയുടെ വാഹനത്തിന്റെ പിന്നാലെ മാധ്യമപ്രവർത്തകരും പാഞ്ഞെത്തിയപ്പോഴാണ് പരിപാടി കാഞ്ഞാർ സ്റ്റേഷനിലാണെന്ന് മനസിലായത്. മാധ്യമപ്രവർത്തകരെ പരിപാടിയിൽ നിന്നും അകറ്റാനായിരുന്നു വേദി മാറ്റിയതെന്നു പറയപ്പെടുന്നു.