ജോണ്സണ് വേങ്ങത്തടം
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ സ്വതന്ത്യസ്ഥാനാര്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഡോ. കെ.സി. ജോസഫ് പിന്തിരിഞ്ഞു. മത്സരിക്കാനില്ലെന്നും എല്‍ഡിഎഫില്‍ തുടരുമെന്നും അദേഹം രാഷ്ട്ര ദീപികയോട് വ്യക്തമാക്കി.
ഇന്നലെ കുട്ടനാട് മണ്ഡലത്തിലെ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗം വിളിച്ചു കൂട്ടിയിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ അണികള്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഇപ്പോഴത്തെ സാഹചര്യം അവരെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ഡോ. കെ.സി. ജോസഫ് വ്യക്തമാക്കുന്നത്.
സീറ്റ് നിഷേധിച്ചതു കൊണ്ട് എല്‍ഡിഎഫിനെതിരേ മത്സരിക്കുന്നതു ശരിയല്ലെന്നാണ് അദേഹം ബോധ്യപ്പെടുത്തിയത്. ഇപ്പോള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തേണ്ട സമയമാണ്. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമൊന്നും ഉണ്ടാകില്ലെന്നും അദേഹം പറഞ്ഞു.
ജനാധിപത്യ കേരളകോണ്‍ഗ്രസിനു സീറ്റ് വിഭജനത്തില്‍ ഒരു സീറ്റാണ് കിട്ടിയത്. തിരുവനന്തപുരം വെസ്റ്റില്‍ ആന്റണി രാജുവാണ് മത്സരിക്കുന്നത്. പാര്‍ട്ടി ചെയര്മാന് കൂടിയായ ഡോ. കെ.സി. ജോസഫിനും സീനിയര്‍ നേതാവായ പി.സി. ജോസഫിനും സീറ്റ് നല്‍കിയില്ല.