കണ്ണൂർ: ഇരിക്കൂറിൽ താൻ ഇത്തവണ മത്സരിക്കാനില്ലെന്നും പുതിയ ആളുകൾ മത്സരിക്കട്ടേയെന്ന കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായി കെ.സി. ജോസഫ് എംഎൽഎ രാഷ്ട്രദീപികയോട് പറഞ്ഞു.
കഴിഞ്ഞ 38 വർഷമായി ഇരിക്കൂറിലെ ആളുകളുടെ പ്രത്യേക പരിഗണന തനിക്ക് ലഭിച്ചിട്ടുണ്ട്. പാലങ്ങളും റോഡുകളുമടക്കം ഒരുപാട് വികസനപദ്ധതികൾ കൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷക്കാലം പ്രതികാരമനോഭാവത്തോടെയാണ് സർക്കാർ ഇരിക്കൂർ മണ്ഡലത്തെ കണ്ടത്.
കരുവഞ്ചാൽ, ആലക്കോട് പാലങ്ങൾക്കുപോലും വളരെ സാവകാശമാണ് സർക്കാർ അനുമതി നൽകിയത്. മലയോരഹൈവേ പദ്ധതിയെയും അവഗണിച്ചു.
മലയോര ഹൈവേ അടക്കമുള്ള വികസനപദ്ധതികൾക്കുവേണ്ടി രൂപീകരിച്ച മലയോര വികസന അഥോറിറ്റി ജനപ്രതിനിധിയെന്നനിലയിൽ തന്നോടുപോലും ആലോചിക്കാതെ പിരിച്ചുവിട്ടു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇരിക്കൂറിൽ ഇല്ലെങ്കിലും തുടങ്ങിവച്ച കാര്യങ്ങൾ പൂർത്തിയാക്കുമെന്നും മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നും കെ.സി. ജോസഫ് പറഞ്ഞു.
കെസിക്ക് പകരം ആര് ?
ഇരിക്കൂറിൽ കെ.സി.ജോസഫിന് പകരം കെപിസിസി ജനറൽസെക്രട്ടറിമാരായ സജീവ് ജോസഫിന്റെയും സോണി സെബാസ്റ്റ്യന്റെയും പേരുകളാണ് പ്രഥമ പരിഗണനയിലുള്ളത്.
നിലവിൽ എ ഗ്രൂപ്പിന്റെ സീറ്റാണിത്. എന്നാൽ, എ ഗ്രൂപ്പുകാരനായ കെ.സി. ജോസഫ് ഇരിക്കൂറിൽനിന്ന് മാറുന്പോൾ മത്സരിക്കാൻ സാധ്യതയുള്ളത് ചങ്ങനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, കുട്ടനാട് മണ്ഡലങ്ങളിലാണ്.
ചങ്ങനാശേരിയിൽ അന്തരിച്ച സി.എഫ്. തോമസിന്റെ മകൾ മത്സരരംഗത്തിറങ്ങുമെന്നാണ് സൂചന. മറ്റു മൂന്ന് മണ്ഡലങ്ങളിലേതെങ്കിലും ഒന്നിൽ മത്സരിച്ചാൽ ഇരിക്കൂർ ഐ ഗ്രൂപ്പിന് വിട്ടുകൊടുത്തേക്കും. എന്നാൽ, ഗ്രൂപ്പടിസ്ഥാനത്തിൽ സ്ഥാനാർഥിനിർണയം പാടില്ലെന്നാണ് ഹൈക്കമാൻഡിന്റെ നിർദേശം.
2006-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ കൂത്തുപറന്പിൽ പി.ജയരാജനെതിരേ സജീവ് ജോസഫ് മത്സരിച്ചിരുന്നു. കൂടാതെ, 2011ലും 2016ലും പേരാവൂർ മണ്ഡലത്തിൽ സജീവ് ജോസഫിന്റെ പേര് ഉയർന്നുവന്നിരുന്നു. എ ഗ്രൂപ്പ് തന്നെ മത്സരിക്കുമെങ്കിൽ സോണി സെബാസ്റ്റ്യൻ തന്നെയായിരിക്കും സ്ഥാനാർഥി.
കെഎസ്യു-യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയായിരുന്ന സോണി നിലവിൽ മാർക്കറ്റ് ഫെഡ് ചെയർമാനാണ്. രണ്ടു തവണകളായി തളിപ്പറന്പ് കാർഷിക വികസന ബാങ്ക് പ്രസിഡന്റും റബർ ഉത്പാദന സഹകരണസംഘം അഖിലേന്ത്യാ പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്നു. ഇരിക്കൂറിലേക്ക് യുഡിഎഫ് ചെയർമാൻ പി.ടി. മാത്യുവിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.