ജോണ്സണ് വേങ്ങത്തടം
കൊച്ചി: ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഡോ. കെ.സി. ജോസഫ് കുട്ടനാട്ടില്‍ സ്വതന്ത്ര്യസ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യതയേറുന്നു.
എല്‍ഡിഎഫ് മുന്നണി ജനാധിപത്യ കേരള കോണ്‍ഗ്രസിനോട് അനീതി കാണിച്ചതിന്റെ പേരിലാണ് കുട്ടനാട്ടില്‍ മത്സരിക്കാന്‍ അദേഹം ആലോചിക്കുന്നത്.
നാളെ ഇതു സംബന്ധിച്ചു കുട്ടനാട് മണ്ഡലത്തിലെ വാര്‍ഡ് തലത്തിലുള്ള ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം അദേഹം വിളിച്ചിരിക്കുകയാണ്.
ഇതേ സമയം അദേഹത്തെ പിന്തിരിപ്പിക്കാനുള്ള നീക്കവും സംസ്ഥാനതലത്തിലുള്ള നേതാക്കള്‍ നടത്തുന്നുണ്ട്.
എല്‍ഡിഎഫ് മുന്നണിയില്‍ നില്‍ക്കാനാണ് ആഗ്രഹമെന്നും എന്നാല്‍ അണികളുടെ വികാരം ഉള്‍ക്കൊണ്ടുള്ള ഒരു യോഗമാണ് വിളിച്ചിരിക്കുന്നതെന്നും അദേഹം രാഷ്ട്രദീപികയോടു പറഞ്ഞു.
മത്സരിച്ചാലും ഇല്ലെങ്കിലും നാളെ പ്രഖ്യാപനം ഉണ്ടാകും. 11ന് എല്‍ഡിഎഫിന്റെ യോഗങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പു തീരുമാനം അറിയിക്കും.
ഒരിക്കലും എല്‍ഡിഎഫ് വിടണമെന്ന് ആഗ്രഹമില്ല. അതിനുള്ള തീരുമാനം ഇതുവരെ സ്വീകരിച്ചിട്ടുമില്ല. എന്നാല്‍ അണികളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നും അദേഹം വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ചേര്ന്നജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാനസമിതിയില്‍ മുന്നണി അനീതി കാണിച്ചുവെങ്കിലും എല്‍ഡിഎഫില്‍ തുടരാനാണ് തീരുമാനിച്ചത്.
ഇതിനു മാറ്റവുമില്ല. എന്നാല്‍ തിരിച്ചു കുട്ടനാട്ടില്‍ എത്തിയപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ മത്സരിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
എങ്കിലും അവരുടെ വികാരം മത്സരിക്കണമെന്നാണ്. അതു കൊണ്ടാണ് നാളെ യോഗം വിളിച്ചിരിക്കുന്നതെന്നാണ് അദേഹത്തിന്റെ വിശദീകരണം.
ജനാധിത്യ കേരള കോണ്‍ഗ്രസ് നാലു സീറ്റിലാണ് കഴിഞ്ഞ പ്രാവശ്യം മത്സരിച്ചത്. ഇക്കുറി ഒരു സീറ്റ് മാത്രമാണുള്ളത്.
അതു തിരുവനന്തപുരത്ത് ആന്റണി രാജുവിനു മാത്രം. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച പൂഞ്ഞാര്‍, ഇടുക്കി, ചങ്ങനാശേരി, തിരുവനന്തപുരം സീറ്റുകളില്‍ ഒരെണ്ണം മാത്രമാണ് നല്‍കിയത്.
പാര്‍ട്ടി ചെയര്മാന് മത്സരിച്ച ചങ്ങനാശേരിയോ കുട്ടനാടോ സീറ്റുകളാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ചങ്ങനാശേരി സീറ്റ് കേരള കോണ്‍ഗ്രസിനും കുട്ടനാട് സീറ്റ് എന്‍സിപിക്കുമാണ് നല്‍കിയിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് ജെ യില്‍ ജോസഫിന്റെ കൂടെ നില്ക്കുമ്പോള് കുട്ടനാട് എംഎല്‍എയായിരുന്നു ഡോ. കെ.സി. ജോസഫ്.