തൃശൂർ: സ്ത്രീകളോടും കുട്ടികളോടുമുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുമൂലം നമ്മുടെ നാട് പരിഷ്കൃത സമൂഹമെന്നു പറയാൻ പറ്റാതായിരിക്കു കയാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സണ് കെ.സി.റോസക്കുട്ടി അഭിപ്രായപ്പെട്ടു.ഫോർമർ പഞ്ചായത്ത് മെന്പേഴ്സ് അസോസിയേഷൻ വനിതാ ഫോറം കിലയിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
സമൂഹത്തിന്റെ ഈ മനോഭാവം മാറ്റി ഉയർന്ന സ്ത്രീപദവിയിലുള്ള മാതൃകാകേരളത്തെ സൃഷ്ടിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്കും വനിതാ ജനപ്രതിനിധികൾക്കും സാധിക്കണമെന്നും ചെയർപേഴ്സണ് പറഞ്ഞു.വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഷീല ജോസ് അധ്യക്ഷത വഹിച്ചു. ഫോർമർ പഞ്ചായത്തെ മെന്പേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കരിം പന്നിത്തടം മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി വി.എസ്.പ്രിൻസ്, സി.എൻ.ഗോവിന്ദൻകുട്ടി, ഷൈനി കൊച്ചു ദേവസി, സുബൈദ മുഹമ്മദ്, രാധാ പരമേശ്വൻ, ഇന്ദിരാദേവി ടീച്ചർ, സഫിയ ഇബ്രാഹിം, സുധാമണി ശിവരാമൻ, ഷീബ നാരായണൻ, രജനി കൃഷ്ണദാസ്, സജിത ബാബുരാജൻ എന്നിവർ പ്രസംഗിച്ചു.വിവിധ വിഷയങ്ങളെക്കുറിച്ച് പി.വി.രാമകൃഷ്ണൻ, എം.കെ.രവീന്ദ്രനാഥ്, പി.കെ.ജയദേവൻ എന്നിവർ ക്ലാസെടുത്തു.