ആരംഭം
കാസർഗോഡ് ജില്ലയിലെ പാണത്തൂരിനടുത്ത് കേരളകർണാടക അതിർത്തി ഗ്രാമമായ കമ്മാടിയിൽ 1977 ലാണ് സുന്ദരന്റെ ജനനം. തനതു സംസ്കാരമുള്ള ആദിവാസി ജനവിഭാഗമായ കുടിയ സമുദായാംഗങ്ങളായ ചന്തൻജാനകി ദന്പതികളുടെ മൂന്നു മക്കളിൽ മൂത്തവനായി. ഇളയവർ രണ്ട് അനുജത്തിമാർ. വാഹനമോ വികസനമോ അടുത്തുപോലും എത്തപ്പെട്ടിട്ടില്ലാത്ത കമ്മാടി ദേശത്തുനിന്നും സുന്ദരന് രണ്ടു വയസുള്ളപ്പോൾ ആ കുടുംബം കർണാടകയിലെ ബാഗമണ്ഡലയിലേക്ക് കുടിയേറി. കുടിയേറ്റത്തിന്റെ ആദ്യകാലം വളരെ കടുപ്പമേറിയതായിരുന്നെങ്കിലും പതിയെ അതിനെയെല്ലാം തരണം ചെയ്തു.
പ്രതികൂലമായ സാഹചര്യവും ശുഷ്കമായ സാന്പത്തികവുംമൂലം അക്കാലത്ത് കുടിയ സമുദായത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നു. എങ്കിലും മൂന്നു മക്കൾക്കും വിദ്യാഭ്യാസം നൽകാൻ ആ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിച്ചു. അതിനായി അവർ കഠിനാധ്വാനം ചെയ്തു. സുന്ദരനായിരുന്നു പഠിത്തത്തിൽ കേമൻ. അതുകൊണ്ട് കുടുംബത്തിന്റെ പ്രതീക്ഷാഭാരം മുഴുവൻ ചെറുപ്പത്തിലേ ആ കുട്ടിയുടെ ചുമലിലായി.
പഠന ജീവിതത്തിലെ നിർണായക വഴിത്തിരിവ് വന്നെത്തുന്ന പത്താം ക്ലാസ് പഠനത്തിനിടെ സുന്ദരനെ ദുരന്തം പിടികൂടി. ചെറിയ പനിയോടെയായിരുന്നു തുടക്കം. പിന്നെ അത് വലിയ പനിയായി. പനിയുടെ കാരണം കണ്ടെത്തിയപ്പോൾ ന്യുമോണിയയായിരുന്നു ഉത്തരം. കണ്ടെത്താൻ വൈകിയതിനാൽ രോഗം ഏറെ സങ്കീർണമായി മാറിയിരുന്നു. നീണ്ടകാലത്തെ ചികിൽസ ആവശ്യമായി വന്നു. അങ്ങനെ സുന്ദരന്റെ പത്താം ക്ലാസ് പഠനത്തിലെ വിലപ്പെട്ട ആറുമാസം ന്യുമോണിയ കൊണ്ടുപോയി.
രോഗവും ദുരിതവും കഴിഞ്ഞ് സ്കൂളിൽ എത്തിയപ്പോൾ വാർഷിക പരീക്ഷയിലേക്ക് രണ്ടു മാസം മാത്രമേയുണ്ടായിരുന്നുള്ളൂ ദൂരം. ആ ചെറിയ കാലം കൊണ്ട് വലിയ ദൂരം സുന്ദരൻ ഓടിയെത്തി. പരീക്ഷാ ഫലം വന്നപ്പോൾ സെക്കൻഡ് ക്ലാസ്. വർഷം മുഴുവൻ സ്കൂളിലിരുന്ന് പഠിച്ചവരിൽ പലരും തോറ്റപ്പോൾ പഠന കാലയളവിന്റെ സിംഹഭാഗവും രോഗം അപഹരിച്ച സുന്ദരന് തിളക്കമാർന്ന വിജയം ലഭിച്ചു. പിന്നെ ഹയർ സെക്കൻഡറി വിദ്യാഭ്യാസമായിരുന്നു മുന്നിൽ. രോഗം ഇടയ്ക്കിടെ അലട്ടിയിരുന്നെങ്കിലും വാശിയോടെ പഠിച്ചു. 70 ശതമാനം മാർക്കോടെ വിജയം. ഇക്കാലയളവിലായിരുന്നു സഹോദരിമാരുടെ കല്യാണവും.
കഠിനാധ്വാനം ചെയ്ത് കുടുംബം പുലർത്തിയ അച്ഛനും അമ്മയും അപ്പോഴേക്കും തളർന്നിരുന്നു. അങ്ങനെ പണ്ട് മടങ്ങിയിടത്തേക്ക് ഇനിയുള്ള ജീവിതത്തിന്റെ സുരക്ഷതത്വം തേടി ആ കുടുംബം തിരിച്ചെത്തി. ബന്ധുക്കളുടേയും പഴയ സുഹൃത്തുക്കളുടെയും ഇടയിൽ, പിന്നെ അവരുടെ തന്നെ ആ പഴയ കമ്മാടിയിൽ.
കമ്മാടിയിൽ തിരിച്ചെത്തിയ സുന്ദരന് ജീവിതവും പഠനവും വീണ്ടും ചോദ്യചിഹ്നമായി. കഠിനാധ്വാനത്തിലൂടെ തളർന്ന അച്ഛനും അമ്മയും സുന്ദരന്റെ തുടർ പഠനത്തിന് മുന്നിൽ നിസഹായരായി. സ്വപ്നങ്ങളെ അഴിച്ചുവിട്ടാണ് സുന്ദരൻ ദുരിത ജീവിതത്തെ മറച്ചുവച്ചത്. ഉയരങ്ങളിലെത്താനായി ഉയിരുകൊടുക്കാൻ ആ യുവാവ് തയാറായി. വിശ്രമമില്ലാതെ ജോലി ചെയ്തും വിശ്രമിക്കാതെ സ്വപ്നങ്ങൾ നെയ്തും അദ്ദേഹം കൂടുതൽ കർമനിരതനായി. ബാല്യകാല സുഹൃത്ത് ഹരീഷിൽനിന്നാണ് വക്കീൽ പ്രഫഷനെക്കുറിച്ച് അറിയുന്നത്. നീതിയുടെ കാവലാളെന്ന ബോധം മനസിനെ കൂടുതൽ ത്രസിപ്പിച്ചു. വക്കീൽ പഠനത്തിന് കൂടുതൽ പണം ആവശ്യമായിരുന്നതിനാൽ സ്വപ്നത്തെക്കുറിച്ച് പുറത്താരോടും പറഞ്ഞില്ല. കൂട്ടിയും കിഴിച്ചും മനസിൽതന്നെ വളർത്തി.
സ്വപ്നത്തിന്റെ ശക്തി കൊണ്ടായിരിക്കണം അമ്മാവന്റെ സഹായഹസ്തമാണ് ആദ്യം നീണ്ടത്. പഠനത്തിന് വേണ്ടുന്ന തുക കഴിയുംവിധം നൽകാമെന്ന് കർഷകനായ അമ്മാവൻ വെള്ള്യപ്പ അറിയിച്ചു. വിധി കൽപ്പനകൾക്ക് കാത്തുനിൽക്കാതെ സ്വപ്നം സ്വതന്ത്രമായി. സന്തോഷഹസ്തം നീട്ടി മാതാപിതാക്കളും കൂട്ടുചേർന്നു. പിന്നെയെല്ലാം പഠന വഴിയിൽ…
മധ്യമം
സ്വപ്നവും ജീവിതവുമായി സമന്വയിച്ചപ്പോൾ 1995 ൽ സുന്ദരൻ കർണാടക സുള്ള്യയിലെ കെ.വി.ജി. ലോ കോളജിലെത്തി. മലയാളികൾ അഞ്ചു പേരുണ്ടായിരുന്നു അവിടെ. ഹരീഷ്, സുഭാഷ്, ബിജു, ബിനു പിന്നെ സുന്ദരനും. പഠനമായിരുന്നു മുഖ്യവിഷയമെങ്കിലും കൂലിപ്പണിയായിരുന്നു മുഖ്യ വഴി. പഠനത്തിന്റെ ഇടവേളകളിൽ നാട്ടിലെത്തി കൂലിപ്പണിക്കുപോകും. പിന്നെ ആ പണവുമായി പഠന വഴിയിലേക്ക് തിടുക്കപ്പെട്ടു മടങ്ങും. അങ്ങനെ പഠനകാലം കഷ്ടപ്പാടിനെയും കഠിനാധ്വാനത്തെയും കടമെടുത്ത് മുന്നോട്ട് നീങ്ങി.
അഞ്ചുവർഷം അല്ലലില്ലാതെ കഴിഞ്ഞു. ക്ലാസ്റൂം പഠനത്തിൽ പിന്നിലായിരുന്നുവെങ്കിലും റിസൾട്ടിൽ സുന്ദരൻ മുന്നിലായിരുന്നു. അഞ്ചുവർഷവും മികച്ച മാർക്ക് ലഭിച്ചു. പണിയെടുത്ത് പഠനവും ജീവിതവും മുന്നോട്ടുനയിക്കുന്ന സുന്ദരൻ കുട്ടികൾക്കും അധ്യാപകർക്കും മാതൃകയായി.
വക്കീൽ കുപ്പായത്തിലേക്കു കടക്കാനുള്ള അവസാന കടന്പയായിരുന്നു എൻറോൾമെന്റ്. 15,000 ഓളം രൂപ അന്ന് കർണാടക ബാർ കൗണ്സിലിൽ കെട്ടിവയ്ക്കേണ്ടിയിരുന്നു. സഹായഹസ്തം നീട്ടിയിരുന്ന അമ്മാവനോട് പണം ചോദിക്കാൻ മടി. അടയ്ക്കയ്ക്കും മറ്റും വിലയിടിഞ്ഞ സമയത്ത് കർഷകനായ അമ്മാവനെ ബുദ്ധിമുട്ടിപ്പിക്കേണ്ടെന്നു കരുതി. അന്നന്നത്തെ ചെലവിനായി ബുദ്ധിമുട്ടുന്ന അച്ഛനും അമ്മയ്ക്കും ഇതു താങ്ങാൻ കഴിയില്ലെന്നു തോന്നി. സുഹൃത്തുക്കളും സഹായികളും സഹായം വാഗ്ദാനം ചെയ്തെങ്കിലും ബുദ്ധിമുട്ടിപ്പിക്കേണ്ടെന്നു കരുതി. ആദർശം ആർക്കുമുന്നിലും കൈനീട്ടാൻ അനുവദിച്ചില്ല. പണിയെടുത്ത് പണമുണ്ടാക്കി അതുമായി വക്കീൽ കുപ്പായം നേടിയെടുക്കുമെന്ന ദൃഢനിശ്ചയത്തിൽ വിദ്യാലയത്തിന്റെ പടിയിറങ്ങി. കോട്ട്് അണിയുന്നതിനു മുന്പായി വാദിച്ചു തോറ്റതിന്റെ ജാള്യതയിൽ.
തുടർച്ച…
നാട്ടിലെത്തിയപ്പോൾ പല ചോദ്യങ്ങളെയും അഭിമുഖീകരിക്കേണ്ടതായി വന്നു. പഠനം, പരാജയം, പിൻവാങ്ങൽ. അങ്ങനെ പലതും. എൻറോൾമെന്റ് എന്ന വാക്കുപോലും കേട്ടിട്ടില്ലാത്ത നാട്ടിൽ പരാജിതന്റെ വേഷമാണ് സുന്ദരൻ അണിഞ്ഞത്. പരീക്ഷയിൽ തോറ്റുവെന്ന പുതുമൊഴി നാട്ടുകാർക്കു മുന്നിൽ അവതരിപ്പിച്ചു. ചിലർ പരിതപിച്ചു, ചിലർ പരിഭ്രമിച്ചു. മറ്റു ചിലർ പണവും കാലവും നഷ്ടപ്പെടുത്തിയതോർത്ത് ദുഃഖിച്ചു. വീട്ടിലും അമ്മാവനോടും നിജസ്ഥിതി മനസിലാക്കിക്കൊടുത്തതിനാൽ കൂടുതൽ ചോദ്യങ്ങൾ അവിടെനിന്നും ഉയർന്നില്ല.
കഷ്ടപ്പെട്ടു നേടുന്ന നേട്ടങ്ങളോട് അനുരൂപപ്പെടാൻ പലവഴികൾ തേടി പെരുവഴിയിലിറങ്ങി. ആദ്യം ചെന്നുപെട്ടത് പഞ്ചായത്തിലെ എസ്ടി പ്രമോട്ടറുടെ ജോലിയിൽ. തന്റെ ജനങ്ങൾക്കായി കഴിവതും ചെയ്യാമെന്ന സംതൃപ്തിയോടെ രണ്ടുവർഷത്തോളം ജോലിയിൽ തുടർന്നു. തുച്ഛമായ ഓണറേറിയം ജീവിതത്തിനുപോലും തികയാതെ വന്നപ്പോൾ വക്കീൽ കുപ്പായമെന്ന സ്വപ്നം അൽപ്പകാലത്തേക്ക് മാറ്റിപ്രതിഷ്ഠിച്ചു.
ഇതിനിടെ ജോലിയിൽ അല്പം ഉയർച്ച ലഭിച്ചു. എസ്ടി കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു പിന്നീടുള്ള വേഷം. രാഷ്ട്രീയത്തിനും നിലപാടുകൾക്കും ഇടയിൽ ഒരുവർഷം. ആശയവും പ്രവൃത്തിയും പൊരുത്തപ്പെടാതെ വന്നപ്പോൾ അവിടം വിട്ടിറങ്ങി.
ഇതിനിടെ കമ്മാടിയിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപകനായി വേഷമിട്ടു. സ്കൂളിലെ ആദ്യത്തെ അധ്യാപകനായിരുന്നു അദ്ദേഹം. തന്റെ സമൂഹത്തിലെ കുരുന്നുകൾക്ക് അക്ഷരജ്ഞാനം പകർന്ന് ഒരുവർഷത്തോളം അവിടെ… തുച്ഛമായ ശന്പളംപോലും ഇടയ്ക്കിടെ മുടങ്ങിയപ്പോൾ അധ്യാപകവേഷം മനസില്ലാ മനസോടെ അഴിച്ചുവച്ച് ഒരു പ്രൈവറ്റ് കന്പനിയുടെ അക്കൗണ്ടന്റിന്റെ വേഷം എടുത്തണിഞ്ഞു. കാസർഗോട്ടെ ഒരു പ്രശസ്ത കന്പനിയിലായിരുന്നു ജോലി. ജോലി താരതമ്യനേ കുഴപ്പമില്ലാതിരുന്നെങ്കിലും സാഹചര്യം അനുകൂലമായിരുന്നില്ല. പ്രായമായ മാതാപിതാക്കൾ നൂറുകിലോമീറ്ററോളം അകലെ കമ്മാടിയിൽ. അവരുടെ അടുത്തേക്ക് എത്തിപ്പെടാനുള്ള യാത്ര തന്നെ രണ്ടുമണിക്കൂറിലേറെ. സാഹചര്യം പൊരുത്തപ്പെടാതെ വന്നപ്പോൾ ഒന്നരവർഷത്തെ ജോലിക്കുശേഷം അവിടെനിന്നും പിൻവാങ്ങി.
പിന്നീട് സ്വയംതൊഴിൽ സംരംഭകന്റെ വേഷത്തിൽ ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങി. വീട്ടിൽ നിന്ന് എട്ടുകിലോമീറ്റർ അകലെയുള്ള കല്ലപ്പള്ളിയിൽ ചെറിയൊരു കട തുടങ്ങി. വാഹനമെത്താത്ത തങ്ങളുടെ റോഡിലൂടെ രാവിലെ എട്ടുകിലോമീറ്റർ അങ്ങോട്ടും രാത്രി തിരിച്ചും നടന്നുതീർത്തു. വക്കീൽ പണിയുടെ സ്വപ്നവുമായി ആ നടപ്പ് തുടർന്നത് അഞ്ചുവർഷം. കൃത്യം പഠനകാലയളവ്. നാട്ടിൻപുറത്തെ കടയായതു കൊണ്ട് കച്ചവടം വളരെ കുറവായിരുന്നു. അതുകൊണ്ടു വരുമാനവും തുച്ഛം. അങ്ങനെ ആ കാലവും സ്വപ്നസാക്ഷാത്കാരത്തിനു ബലമേകിയില്ല.
ഇതിനിടയിൽ കല്യാണം കഴിഞ്ഞു. അമ്മാവന്റെ മകൾ ജയലക്ഷ്മിയെയാണ് കല്യാണം കഴിച്ചത്. പിന്നീട് ജീവിതത്തിലേക്ക് രണ്ടു പെണ്കുട്ടികളും കടന്നുവന്നു. മൂത്തവൾ അനുശ്രീ, ഇളയവൾ ദിവ്യശ്രീ. ചെറിയ കുടുംബം വലിയ കുടുംബമായപ്പോൾ ജീവിതച്ചെലവേറി. കടയുമായി മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥ. അക്കാലത്ത് റബർ ടാപ്പിംഗ് തൊഴിലിന് മികച്ച കൂലി ലഭിച്ചിരുന്നു. ഒന്നും നോക്കിയില്ല. കട നിർത്തി ടാപ്പിംഗിനിറങ്ങി. അങ്ങനെ ഇപ്പോൾ നാലുവർഷം… ഭാര്യ ജയലക്ഷ്മിക്കിപ്പോൾ അടുത്തുള്ള ആംഗൻവാടിയിൽ ജോലിയുണ്ട്. അനുശ്രീ ആറാം ക്ലാസിലും ദിവ്യശ്രീ നാലാം ക്ലാസിലും പഠിക്കുന്നു. ഇടക്കാലത്തെ ഓട്ടപ്പാച്ചിലിനൊടുവിൽ ജീവിതം അൽപം സ്വസ്ഥമായപോലെ.
സുന്ദരൻ ഇപ്പോൾ വക്കീൽ കുപ്പായം സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു. ആ സ്വപ്ന സാക്ഷാത്കാരത്തിനായി അദ്ദേഹമിന്ന് കുറച്ചു പണവും സ്വരുക്കൂട്ടിവച്ചിട്ടുണ്ട്. ഇനിയിപ്പോൾ എൻറോൾമെന്റ് സംബന്ധിച്ചുള്ള നൂലാമാലകൾ അന്വേഷിക്കണം. പഴയ രജിസ്ട്രേഷൻ പുതുക്കണം. പുതിയ കുട്ടികൾക്കിടയിൽ ഉയർന്നുവരണം. 14 വർഷം മുന്പത്തെ പഴയ വേഷം ഇനി അണിയണം. ഇതെല്ലാം പ്രാവർത്തികമാകാൻ എൻറോൾമെന്റ് തുക 15,000 രൂപ തന്നെ ആയിരിക്കണം. കാരണം അത്ര തുകയേ അദ്ദേഹത്തിന് സ്വരുക്കൂട്ടിവയ്ക്കാൻ സാധിച്ചിട്ടുള്ളൂ.
കോളജ് കാലത്തെ സുഹൃത്തുക്കളോട് ഇപ്പോഴും ബന്ധമുണ്ട്. നാലുപേരും വക്കീൽ പ്രഫഷനിൽ തന്നെ. സുഭാഷ് കർണാടകത്തിലെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. മറ്റു മൂന്നുപേരും മികച്ച വക്കീലൻമാരായി കേരളത്തിലും വിദേശത്തുമായി ജീവിതം നയിക്കുന്നു.
“മനസും ജീവിതവും ഇന്ന് സ്വതന്ത്രമാണ്.
അതുകൊണ്ടിനി പുതിയ വേഷം അണിയണം
അതിന് പഴയ വഴിയിൽ വീണ്ടുമെത്തണം.
പഴയ പുസ്്തക താളുകൾ മറിക്കണം
അവിടെ പുതിയ ജീവിതം എഴുതണം.
ഞാനറിയുന്നു, പഴയ സ്വപ്നത്തിനിന്നും
പുതിയ തിളക്കമുണ്ടെന്ന്’
നമുക്കും പ്രത്യാശിക്കാം എൻറോൾമെന്റിന് 15,000 രൂപ തന്നെയായിരിക്കണമെന്ന്. അല്ലെങ്കിൽ പുതിയ ഒരു തോൽവികൂടി ആ ജിവിതത്തിൽ കുറിക്കപ്പെടും. എങ്കിലും പ്രതീക്ഷ വിടില്ല, സുന്ദര ജീവിതം സുന്ദരമാണ്.
വിനിൽ ജോസഫ്