ആലപ്പുഴ: കേരളത്തിൽ ശക്തമായ രാഹുൽ തരംഗമുണ്ടെന്നതിന്റെ തെളിവാണ് വയനാട്ടിലെ റിക്കാർഡ് പോളിംഗ് ശതമാനമെന്ന് എ ഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കേരളത്തിലെ മറ്റു മണ്ഡലങ്ങളിലും ഈ ആവേശംപോളിംഗിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എണ്പതു ശതമാനത്തിലേറെ പോളിംഗ് നടന്ന വയനാട്ടിൽ രാഹുൽ ഗാന്ധി രാജ്യത്തെ തന്നെ റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയിക്കും.
ഏറ്റവുമുയർന്ന വോട്ടിംഗ് രേഖപ്പെടുത്തിയ കേരളത്തിലെ ഇരുപത് സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും കേന്ദ്രത്തിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര സർക്കാർ അധികാരത്തിൽ വരുന്നതിന് കേരളത്തിൽ യുഡിഎഫ് നേടുന്ന ഈ സീറ്റുകൾ വലിയ പങ്കു വഹിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും വിഭജന രാഷ്ട്രീയത്തിനും കേരളത്തെ പാകിസ്ഥാനോട് ഉപമിച്ച് അപമാനിച്ചതിനും ബാലറ്റിലൂടെ ജനങ്ങൾ തക്കതായ മറുപടി നൽകും. ഒപ്പം ജനങ്ങളുടെ വിശ്വാസങ്ങളേയും ആചാരങ്ങളേയും മാനിക്കാത്ത ഇടതുസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയുള്ള വിധിയെഴുത്തു കൂടിയാകും ലോക്സഭാതിരഞ്ഞെടുപ്പ് ഫലമെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.