പാതഇരട്ടിപ്പിക്കലിന് അനുവദിച്ച തുക ചെലവഴിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയെന്ന് കെ.സി വേണുഗോപാല്‍ എംപി

alp-kcvenugopalകൊല്ലം :കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ കേരളത്തിലെ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ക്കായി അനുവദിച്ച തുക ചെലവഴിക്കാനാകാത്ത സാഹചര്യം അതീവ ഗുരുതരമാണെന്ന് കെ സി വേണുഗോപാല്‍ എം പി . 1047 കോടി രൂപയാണ് പാത ഇരട്ടിപ്പിക്കലിനായി വകയിരുത്തിയത്. എന്നാല്‍ ഇതേവരെ 30 ശതമാനം തുക മാത്രമാണ് ചെലവഴിക്കാനായത്. സംസ്ഥാനത്തിന് കൂടുതല്‍ തുക അനുവദിച്ചുവെന്ന് അവകാശപ്പെടുകയും എന്നാല്‍ ചെലവഴിക്കുന്നതിനുള്ള നയപരമായ തടസങ്ങള്‍ പരിഹരിക്കാത്ത റെയില്‍വേയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത എം പിമാരുടെ യോഗത്തില്‍ വേണുഗോപാല്‍ പറഞ്ഞു.

പാതഇരട്ടിപ്പിക്കലിന് ആവശ്യമായ തുകയുടെ പകുതി 50:50 അനുപാതത്തില്‍ സംസ്ഥാനം വഹിക്കണമെന്ന റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശം നേരത്തെ സംസ്ഥാനം നിരസിച്ചിരുന്നു. സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ലൈനുകളുടെ ചിലവിന്റെ വിഹിതം വഹിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ റെയില്‍വേയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു.

ഇതിനു പുറമെ ഇരട്ടിപ്പിക്കലിന്റെ പകുതി ചിലവ്കൂടി വഹിക്കാനാകില്ലെന്ന് കേരളം റെയില്‍വേയെ അറിയിച്ചിരുന്നു. എന്നാല്‍ ഭൂമിയെങ്കിലും സൗജന്യമായി ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് റെയില്‍വേ വീണ്ടും കത്തയച്ചത് സംസ്ഥാനത്തെ റെയില്‍വേ വികസനത്തെ പിന്നോട്ടടിക്കുന്നതിന് തുല്യമാണെന്ന് എം പി യോഗത്തില്‍ കുറ്റപ്പെടുത്തി.

ഇത് കടുത്ത അവഗണനയാണെന്നും അമ്പലപ്പുഴ-ചേര്‍ത്തല, ചേര്‍ത്തല-തുറവൂര്‍, തുറവൂര്‍-കുമ്പളം എന്നിവിടങ്ങളിലെ പാതയിരട്ടിപ്പിക്കലിനായി സമര്‍പ്പിച്ച എസ്റ്റിമേറ്റുകള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കണമെന്നും എം പി ആവശ്യപ്പെട്ടു. ആലപ്പുഴ ബൈപാസിന്റെ ഭാഗമായുള്ള രണ്ടു റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെയും അന്തിമ രൂപരേഖ തയാറാക്കി നല്‍കിയാലുടന്‍ റെയില്‍വേ അന്തിമ അംഗീകാരം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

നേരത്തെ ഇതു സംബന്ധിച്ച് പ്രാഥമീകാനുമതി നല്‍കിയിരുന്നുവെങ്കിലും ഡിസൈന്‍ തയാറാക്കിയ ചെന്നൈ ഐ ഐ ടിയിലെ വിദഗ്ധന്‍ വിരമിച്ചതിനാല്‍ സര്‍വ്വീസിലുള്ളയാളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. തീരദേശപാതിയില്‍ സര്‍വ്വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കുന്നതിന് റെയില്‍വേ നടപടിയെടുക്കണമെന്നും എം പി ആവശ്യപ്പെട്ടു.

Related posts