ചെങ്ങന്നൂർ: നരേന്ദ്രമോദിയ്ക്ക് ഉപതെരഞ്ഞെടുപ്പുകളെ ഭയമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി തിരുവൻവണ്ടൂർ പഞ്ചായത്ത് യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് കണ്വെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട ഏറ്റവും വലിയ ജനദ്രോഹകാരൻ ആകാനുള്ള പ്രവർത്തനങ്ങളാണ് മോഡി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
കർണാടകയ്ക്ക് ഒപ്പം നടക്കേണ്ടിയിരുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് നീളുന്നത് നരേന്ദ്രമോഡിയുടെ ഭയം കൊണ്ടാണ്. സുപ്രീംകോടതിയും ഇലക്ഷൻ കമ്മീഷനും സർക്കാർ സ്ഥാപനങ്ങൾ ആക്കി മാറ്റുവാനുള്ള ബിജെപിയുടെ ശ്രമം ജനങ്ങൾക്ക് ഭരണഘടനാ സ്ഥാപനങ്ങളെ ഉള്ള വിശ്വാസം നഷ്ടപ്പെടുത്തുകയാണ്.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളും മോഡി സർക്കാർ തകർത്തു. ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത കഴിവുകെട്ട സർക്കാരായി പിണറായി സർക്കാർ മാറിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ബി വിജയകുമാർ സാധാരണ പൊതുപ്രവർത്തകരുടെ പ്രതിനിധിയാണ്. വിജയകുമാറിന്റെ വിജയം കേരളത്തിലെ ദുർഭരണത്തിനുള്ള മറുപടിയാണെന്നു കെ.സി. പറഞ്ഞു.
തിരുവൻവണ്ടൂർ മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, മുഖ്യപ്രഭാഷണം നടത്തി. ജോസഫ് വാഴയ്ക്കൻ, എം. മുരളി, എം. ലിജു കെപിസിസി സെക്രട്ടറി പഴകുളം മധു, എബി കുര്യാക്കോസ്, സജി കുര്യാക്കോസ്, ചാർലി എബ്രഹാം, റ്റിബി താമരപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.